ഹോണ്ട ഗുജറാത്ത് : രണ്ടാംഘട്ട വികസനം പൂർത്തിയാക്കി

Posted on: June 29, 2016

Honda-Gujarat-Plant-relaunc

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡിന്റെ ഗുജറാത്തിൽ വിതാലപുരയിലെ പ്ലാൻറിൽ രണ്ടാമത് ഉത്പാദന യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 4 മാസം മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ട ഹോണ്ടയുടെ ഈ നാലാമത്തെ പ്ലാന്റിൽ സ്‌കൂട്ടറുകൾ മാത്രമാണ് നിർമ്മിക്കുന്നത്.

തുടക്കത്തിൽ 6 ലക്ഷമായിരുന്നു പ്ലാന്റിന്റെ നിർമാണശേഷി രണ്ടാംഘട്ട വികസനത്തോടെ ഉത്പാദനം 12 ലക്ഷം യൂണിറ്റുകളായി. ഇതോടെ ഹോണ്ടയുടെ രാജ്യത്തെ നാല് പ്ലാന്റുകളിലായി ഉത്പാദനശേഷി 58 ലക്ഷമായി. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇരുചക്രവാഹനമായ ഹോണ്ട ആക്റ്റീവയാണ് വിതാലപുര പ്ലാന്റിൽ നിർമ്മിക്കുന്നത്.

ഇരുചക്രവാഹന വിൽപനയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ 2016-17 ൽ ഹോണ്ടയുടെ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന രാജ്യമായി മാറുകയാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിയറ്റ മുരമത്സു പറഞ്ഞു.

രാജ്യത്തെ സ്‌കൂട്ടർവത്കരണത്തിന് 58 ശതമാനം വിപണി വിഹിതത്തോടെ ചുക്കാൻ പിടിക്കുന്നത് ഹോണ്ടയാണെന്ന് സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ.എസ്. ഗൂലേറിയ പറഞ്ഞു.