വിസയ്ക്കായുള്ള ലാംഗ്വേജ് ടെസ്റ്റിംഗിൽ ഭേദഗതിയുമായി യുകെ ഗവൺമെന്റ്

Posted on: April 4, 2015

IELTS-Logo-Big

കൊച്ചി : വിസ ആവശ്യങ്ങൾക്കായി അംഗീകരിക്കപ്പെട്ട പരീക്ഷകളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെ പരീക്ഷ നടപടിക്രമങ്ങളിൽ യുകെ ഗവൺമെന്റ് കാര്യമായ ഭേദഗതികൾ വരുത്തി. ലോകമെമ്പാടുമുള്ള വിസ അപേക്ഷകർ ഏറ്റവും ആശ്രയിക്കുന്ന പരീക്ഷയായ ഐഇഎൽടിഎസ് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമായ എല്ലാത്തരം യുകെ വിസകൾക്കും അനുവദനീയമായ അംഗീകാരമാണെന്ന് ഈ ഭേദഗതിയിലൂടെ വ്യക്തമാക്കി. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യുകെ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കുടിയേറ്റ ആവശ്യത്തിനുള്ള ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിന്റെ പ്രാധാന്യം ഇതിലൂടെ ഉറപ്പിച്ചു.

പുതിയ ഭേദഗതികളുടെ ഫലമായി ലോകത്തെമ്പാടുമുള്ള 100-ഓളം സെന്ററുകളിൽ കൊല്ലത്തിലുടനീളം ഐഇഎൽടിഎസ് പരീക്ഷ പാസാകുവാൻ വിസ അപേക്ഷകർക്കു സാധ്യമാകും. ഇതോടൊപ്പം കോമൺ യൂറോപ്യൻ ഫ്രെയിംവർക്ക് ഓഫ് റഫറൻസിന്റെ എ1, ബി1 ലെവലുകളിൽ സ്പീക്കിംഗ് ആൻഡ് ലിസണിംഗ് പ്രാവീണ്യം തെളിയിക്കേണ്ടിവരുന്ന എല്ലാവർക്കും അപേക്ഷിക്കാവുന്ന ഐഇഎൽടിഎസ് ലൈഫ് സ്റ്റൈൽ എന്നൊരു പുതിയ പരീക്ഷയും നിലവിൽ വന്നു.

യുകെ ഗവൺമെന്റിന്റെ നിബന്ധനകൾ അനുസരിച്ചുള്ള അംഗീകൃത സെന്ററുകളിൽ നിന്നു മാത്രമേ വിസ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഐഇഎൽടിഎസ് പരീക്ഷകളിൽ പങ്കെടുക്കാനാവൂ. മറ്റു പ്രത്യേക നിബന്ധനകൾ ഇല്ലാത്ത പക്ഷം, ലോകമെമ്പാടുമുള്ള 1000 ത്തിൽപ്പരം ഐഇഎൽടിഎസ് ടെസ്റ്റ് ലൊക്കേഷൻസിൽ എവിടെനിന്നുമുള്ള റിസൾട്ടുമായി വിദ്യാർത്ഥികൾക്ക് ബ്രിട്ടനിലെ എല്ലാ യൂണിവേഴ്‌സിറ്റികളും കോളേജുകളും അപേക്ഷ സമർപ്പിക്കുവാൻ കഴിയും. ടയർ 4 സ്റ്റുഡന്റ് വിസയ്‌ക്കോ ഹൈലി ട്രസ്റ്റഡ്/ടയർ 4 സ്‌പോൺസർ (എച്ച്ടിഎസ്) ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റഡീസിനോ അപേക്ഷിക്കുന്നവർ സ്ഥാപനത്തിന്റെ മറ്റു നിബന്ധനകൾകൂടി പാലിച്ചിട്ടുണ്ടാവണം.

ബ്രിട്ടീഷ് കൗൺസിൽ, ഐഡിപി, ഐഇഎൽടിഎസ് ഓസ്‌ട്രേലിയ, കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസ്സെസ്‌മെന്റ് എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഐഇഎൽടിഎസ്, കഴിഞ്ഞ 25 വർഷമായി വിശ്വാസ്യതയും ആധികാരികതയുമുള്ള സേവനം നൽകിവരുന്നു. ലോകമെമ്പാടുമായി 9000 ത്തോളം സ്ഥാപനങ്ങളുടെയും യൂണിവേഴ്‌സിറ്റികളുടെയും തൊഴിൽ ദാതാക്കളുടെയും അംഗീകാരം ഐഇഎൽടിഎസിനുണ്ട്. 2014-ൽ മാത്രം നൂറ്റിനാൽപതോളം രാജ്യങ്ങളിലായി 2.5 ദശലക്ഷം ഐഇഎൽടിഎസ് പരീക്ഷകൾ നടന്നിട്ടുണ്ട്.