പുതിയ ഹോട്ടൽ സംരംഭവുമായി അമൃത നായർ

Posted on: March 27, 2015

 

Amruda-Nair-signing-Ayana-Hകൊച്ചി : ലീല ഗ്രൂപ്പ് സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ചെറുമകൾ അമൃത നായർ പുതിയ ഹോട്ടൽ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ സേവന മൂല്യങ്ങളെ അടിസ്ഥാനമാക്കി അയാന ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് എൽ എൽ സി എന്ന കമ്പനി ആരംഭിക്കുവാൻ ഖത്തറിലെ അൽ സവാരി ഹോൾഡിംഗ്‌സ്, അൽ ഫൈസൽ ഹോൾഡിംഗ്‌സ് എന്നിവയുടെ ചെയർമാൻ ഷെയ്ക്ക് ഫൈസൽ ബിൻ ഖാസിം അൽ താനിയും അമൃതാ നായരും ധാരണാ പത്രത്തിൽ ഒപ്പിട്ടു.

ആദ്യ ഹോട്ടൽ ദോഹയിൽ തുടങ്ങിയശേഷം ലണ്ടൻ, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിൽ എത്തുമെന്ന് ഷെയ്ക്ക് ഫൈസൽ അറിയിച്ചു. ഹോട്ടൽ ഉടമകൾക്ക് ഫലപ്രദമായ മാനേജ്‌മെന്റ സേവനങ്ങളും, പുതു തലമുറയിലെ യാത്രക്കാർക്ക് പ്രതീക്ഷകൾക്കുമപ്പുറം മൂല്യ വർധിത സേവനങ്ങൾ പുതിയ കമ്പനി ലഭ്യമാക്കുമെന്ന് അമൃതാ നായർ പറഞ്ഞു. മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നീ മേഖലകളിൽ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ പ്രമുഖ നടത്തിപ്പുകാരാവാൻ കമ്പനി ലക്ഷ്യമിടുന്നു.