കൊച്ചി മാരിയറ്റ് തുറന്നു

Posted on: December 25, 2014

Marriot-Kochi-Inaugration-B

ലുലു ഗ്രൂപ്പുമായി ചേർന്ന് മാരിയറ്റ് ഇന്റർനാഷണൽ ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കൊച്ചി മാരിയറ്റ് തുറന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹോട്ടൽ ഉദ്ഘാടനം ചെയ്തു. പൊതുമാരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ബാങ്കറ്റ് ഹാളിന്റെയും കളമശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ ലോബി റെസ്‌റ്റോറന്റായ കൊച്ചി കിച്ചണിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

ബെന്നി ബഹന്നാൻ എംഎൽഎ, ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്മശ്രീ എം എ യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, എം.കെ. അബ്ദുള്ള, ഡോ. എം.കെ. ഇബ്രാഹിം, മാരിയറ്റ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് രാജീവ് മേനോൻ, മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ വിനീത് മിശ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊച്ചിയിൽ എത്തുന്ന സഞ്ചാരികൾക്ക് അതിഥിസൗകര്യങ്ങളുടെ ഒരു പുതിയ ലോകമാണ് മാരിയറ്റിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം എ യൂസഫലി പറഞ്ഞു. ലുലുമാളിലെത്തുന്ന ആഭ്യന്തര-വിദേശസഞ്ചാരികൾക്ക് മാരിയറ്റ് ഹോട്ടൽ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Marriott-Kochi-Cake-Cutting

വ്യോമയാന നിയമങ്ങൾക്കനുസരിച്ച് നിർമ്മിച്ച ഹെലിപാഡ് സൗകര്യമുള്ള കേരളത്തിലെ ആദ്യ ഹോട്ടൽ എന്ന പ്രത്യേകതയും കൊച്ചി മാരിയറ്റിന് ഉണ്ട്. വിവിഐപികൾക്ക് വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ നേരിട്ട് ഹോട്ടലിൽ എത്താമെന്നതാണ് ഇതിന്റെ സവിശേഷത.

അറുനൂറിൽപ്പരം അതിഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ബാൾറൂമാണ് മറ്റൊരു പ്രത്യേകത. ഡയമണ്ട്, പേൾ, കോറൽ, സഫയർ, റൂബി എന്നിങ്ങനെ പേരുകളുള്ള എട്ട് കോൺഫറൻസ് ഹാളുകളാണ് മാരിയറ്റിലുള്ളത്. കേരള വിഭവങ്ങൾക്ക് മാത്രമായുള്ള സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റാണ് കസാവ. കൂടാതെ വിപുലമായ ഭക്ഷ്യവിഭവനിരയും കൊച്ചി മാരിയറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.