മാസ്‌കറ്റ് ഹോട്ടല്‍ പൈതൃക സംരക്ഷണത്തിന് 25 കോടി

Posted on: February 23, 2019

തിരുവനന്തപുരം : തിരുവിതാംകൂറിന്റെയും തലസ്ഥാന നഗരിയുടേയും പൈതൃക പ്രതീകമായ മാസ്‌കറ്റ് ഹോട്ടലിന് നൂറാം വാര്‍ഷിക ആഘോഷ വേളയില്‍ പൈതൃക സംരക്ഷണത്തിനായി 25 കോടി രൂപ. കൂടാതെ ഹോട്ടലിന് പഞ്ചനക്ഷത്ര പദവിയും ലഭിച്ചു. വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി)ഹോട്ടലിന്റെ പൗരാണിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും വാസ്തുശില്‍പ പൈതൃകം സംരക്ഷിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. പദ്ധതിക്കായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 27 രാവിലെ 10 ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുക്കും.നൂറ്റാണ്ടിന്റെ സാക്ഷിയായ മാസ്‌ക്കറ്റ് ഹോട്ടല്‍ തലസ്ഥാന നഗരിയുടെ വിലമതിക്കാനാവാത്ത നിധിയാണെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു.

സവിശേഷമായ ശില്‍പകലാ വൈഭവത്തോടെ പൈതൃകത്തിന് കോട്ടം തട്ടാത്ത രീതിയിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

TAGS: Mascot Hotel |