പ്രളയദുരിതാശ്വാസം : ടൂറിസം മേഖലയിൽ 28 സംഘടനകളുടെ കർമ്മസേന

Posted on: September 3, 2018

കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനും പുനർനിർമ്മാണത്തിനുമായി കേരള ട്രാവൽ മാർട്ട് സൊസൈറ്റിയടക്കം ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 28 സംഘടനകൾ ചേർന്ന് കർമ്മസേനയ്ക്ക് രൂപം നൽകി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പുനർനിർമ്മാണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള പ്രചരണം എന്നിവയിലാണ് കർമ്മസേന ശ്രദ്ധയൂന്നുന്നത്. ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ വിവിധ സ്ഥലങ്ങളിൽ കർമ്മസേന ഏറ്റെടുത്തു നടത്തുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ആയിരത്തഞ്ഞൂറോളം വരുന്ന സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കർമ്മസേനയ്ക്ക് കഴിഞ്ഞു.

കർമ്മസേനയിലുള്ള എല്ലാ സംഘടനകളും തങ്ങളുടെ ഒരു ദിവസത്തെ വരുമാനവും അവിടെ ജോലിയെടുക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് സേന കൺവീനർ ഏബ്രഹാം ജോർജ് പറഞ്ഞു. കർമ്മസേന ചെയർമാനും കെടിഎം സൊസൈറ്റി പ്രസിഡന്റുമായ ബേബി മാത്യുവിന്റെ നേതൃത്വത്തിൽ പലയിടങ്ങളിലും സംഘാംഗങ്ങൾ ശുചീകരണമുൾപ്പെടെ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.

പറവൂർ, ആലുവ, ചെങ്ങന്നൂർ, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമെന്ന നിലയിൽ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുമായി അടുത്തു നിൽക്കുന്ന വാണിജ്യ സമൂഹത്തിനെ ബോധവത്ക്കരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും കർമ്മസേന ഏറ്റെടുത്തു നടത്തുന്നുണ്ട്.