ജാറ്റാ ടൂറിസം എക്‌സ്‌പോയിൽ കേരളത്തിന് മികച്ച നേട്ടം

Posted on: September 30, 2014

Kerala-Tourism-Director-rec

ലോകത്തെ വലിയ ട്രാവൽ മേളകളിലൊന്നായ ജാറ്റ ടൂറിസം എക്‌സ്‌പോയിൽ കേരളാ ടൂറിസത്തിന് മികച്ച നേട്ടം. അടുത്തമാസം ജപ്പാനിൽ നിന്നുള്ള ഒരു വലിയ സംഘം കേരളം സന്ദർശിച്ചേക്കുമെന്ന് ടൂറിസം ഡയറക്ടർ പി. ഐ. ഷെയ്ഖ് പരീത് പറഞ്ഞു. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ ദീപ ഗോപാലൻ വാധ്വ കേരള പവലിയൻ സന്ദർശിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

കേരളത്തിന്റെ ആയുർവേദത്തിനും അതുല്യമായ കായൽ സൗന്ദര്യത്തിനും ജപ്പാനിൽ ധാരാളം ആരാധകരെ കണ്ടെത്താനായി. നിപ്പോൺ ട്രാവൽ, എച്ച് ഐ എസ് ട്രാവൽ, നിക്കോ ട്രാവൽ, ജെടിബി ടൂർസ് തുടങ്ങിയ പ്രമുഖ ട്രാവൽ കമ്പനികളുമായി കേരളം ചർച്ചകൾ നടത്തി. ടോക്കിയോ ബിഗ് സൈറ്റിൽ നടന്ന ജാറ്റ ട്രാവൽ എക്‌സ്‌പോയിൽ ഇത് രണ്ടാം തവണയാണ് കേരളം പങ്കെടുക്കുന്നത്.

ആയുർവേദ ചികിൽസയെപ്പറ്റിയും കായലിലെ ബോട്ടു യാത്രയെപ്പറ്റിയുമായിരുന്നു അന്വേഷണങ്ങളിലേറെയുമെന്ന് പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. വിനോദസഞ്ചാര വകുപ്പിനൊപ്പം സ്‌പൈസ് ലാൻഡ് ഹോളിഡേയ്‌സ്, കുമരകം ലേക് റിസോർട്ട്, കൈരളി ആയുർവേദ റിസോർട്ട് എന്നിവരും ജാറ്റയിൽ പങ്കാളികളായിരുന്നു. 970 ടൂറിസം കമ്പനികളാണ് 150 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം മേളയിൽ പങ്കെടുത്തത്.

കഴിഞ്ഞവർഷം 8,000 ൽപ്പരം വിനോദസഞ്ചാരികൾ ജപ്പാനിൽ നിന്നും കേരളം സന്ദർശിച്ചു. ജപ്പാൻ എയർലൈൻസ് ഇന്ത്യൻ വിമാനക്കമ്പനിയുമായ കോഡ് ഷെയറിംഗിൽ ഏർപ്പെടുന്നതോടെ ജാപ്പനീസ് വിനോദസഞ്ചാരികൾക്ക് കേരളത്തിലേക്കുള്ള യാത്ര എളുപ്പമാകും. വിസ ഓൺ അറൈവൽ സൗകര്യം ഇപ്പോഴേ ഉണ്ട്.