ക്ലിയർട്രിപ് കെടിഡിസിയുടെ ഓൺലൈൻ പങ്കാളി

Posted on: June 8, 2018

കൊച്ചി : കേരളാ വിനോദ സഞ്ചാര വികസന കോർപ്പറേഷന്റെ പ്രാദേശിക ടൂറുകളുടെ ഓൺലൈൻ ബുക്കിംഗിന് ക്ലിയർട്രിപ്പുമായി ധാരണ. ധാരണയുടെ ഭാഗമായി കെടിഡിസിയുടെ നിലവിലുള്ളതും പുതിയതായി ആരംഭിക്കുന്നതുമായ കണ്ടക്ടഡ് ടൂറുകളും ബോട്ട് യാത്രകളും ക്ലിയർട്രിപിന്റെ ഓൺലൈൻ സംവിധാനം വഴി വിൽപ്പന നടത്തും. ഇതാദ്യമായാണ് ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയർട്രിപ് ഒരു സർക്കാർ വിനോദ സഞ്ചാര ബോർഡുമായി പങ്കാളിത്തത്തിലേർപ്പെടുന്നത്.

തേക്കടിയിലെ പെരിയാർ തടാകത്തിലുള്ള ബോട്ടിംഗ്, തിരുവനന്തപുരത്തും കൊച്ചിയിലും കണ്ടക്ടഡ് ടൂറുകളും ക്ലിയർട്രിപ്പ് വഴി ഓൺലൈനായി ബുക്ക് ചെയ്യാനാകും. കെടിഡിസിയുടെ എല്ലാ ടൂറുകളുടേയും പ്രവർത്തനങ്ങളുടേയും ബുക്കിംഗ് നടത്താൻ ഈ കൂട്ടുകെട്ട് സഹായകമാകുമെന്ന് ക്ലിയർട്രിപ് എക്‌സ്പീരിയൻസസ് ആൻഡ് അക്കമഡേഷൻ വൈസ് പ്രസിഡന്റ് അൻകിത് രസ്‌തോഗി പറഞ്ഞു.

യാത്രകൾ ആസൂത്രണം ചെയ്യുന്നതിനും ടൂറുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെടിഡിസി മാർക്കറ്റിംഗ് മാനേജർ രാജ്‌മോഹൻ ചൂണ്ടിക്കാട്ടി.