കം ഔട്ട് ആൻഡ് പ്ലേ കാമ്പയിനുമായി കേരള ടൂറിസം

Posted on: May 31, 2018

തിരുവനന്തപുരം : മൺസൂൺ സീസൺ ആഘോഷമാക്കാൻ കം ഔട്ട് ആൻഡ് പ്ലേ കാമ്പയിനുമായി കേരള ടൂറിസം. കഴിഞ്ഞ വർഷം 10,91870 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11 കോടി രൂപയുടെ വരുമാനം ഈ ഇനത്തിൽ ലഭിച്ചു. ഏതാനും വർഷങ്ങളായി മൺസൂൺ കാലത്ത് 70,000 ത്തോളം സൗദി ടൂറിസ്റ്റുകൾ കേരളത്തിലെത്താറുണ്ട്.

അറബ് രാജ്യങ്ങളിൽ നിന്ന് മഴക്കാലത്ത് ധാരാളം പേർ സംസ്ഥാനത്തെത്താറുണ്ട്. മാൾ ബ്രാൻഡിംഗ്, ടാക്‌സി ബ്രാൻഡിംഗ് തുടങ്ങിയ പുതുമയുള്ള പ്രചരണ പരിപാടികളും ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. ഔട്ട് ഓഫ് ഹോം എയർപോർട്ട് മാൾ ബ്രാൻഡിംഗ് എന്നിവ വഴി കിഴക്കനേഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരിലും, മലേഷ്യയിലുമെല്ലാം കേരളത്തിന്റെ മൺസൂൺ കാല ടൂറിസത്തിന് വലിയ പ്രചാരം സിദ്ധിക്കുന്നുണ്ട്.

മൺസൂൺ സീസണിൽ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനായി കം ഔട്ട് ആൻഡ് പ്ലേ എന്ന പുതുമയുള്ള കാമ്പയിന് ടൂറിസം വകുപ്പ് തുടക്കം കുറിച്ച് കഴിഞ്ഞു. ട്രെക്കിങ്ങ്, ആയുർവേദ മസാജുകൾ, റിവർ റാഫ്റ്റിങ് തുടങ്ങി ആകർഷണീയമായ നിരവധി ഇനങ്ങളാണ് മൺസൂൺ സീസണിൽ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. കം ഔട്ട് ആൻഡ് പ്ലേ ചലഞ്ചിൽ പങ്കാളികളാവാൻ സഞ്ചാരികളെ ക്ഷണിക്കുന്നതായി ടൂറിസം ഡയറക്ടർ പി. ബാലകിരൺ ഐഎഎസ് പറഞ്ഞു.

സൈക്കിൾ സ്ലോ, ഒറ്റക്കാലിൽ ഓട്ടം, മുട്ടിപ്പാലം കടക്കൽ തുടങ്ങിയ വിനോദപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയ വഴി #ComeOutandPlay ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

TAGS: Kerala Tourism |