ഉത്തരവാദിത്വ ടൂറിസത്തെ അവഗണിക്കരുതെന്ന് കെടി എം

Posted on: September 20, 2014

Backwater-Cruise-big

വിനോദ സഞ്ചാരികളും തദ്ദേശീയരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തിയാൽ മാത്രമേ ടൂറിസം രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂവെന്ന് കേരളാ ട്രാവൽ മാർട്ടിന്റെ ഭാഗമായി നടന്ന ഉത്തരവാദിത്വ ടൂറിസം സെമിനാർ അഭിപ്രായപ്പെട്ടു.

ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിച്ചാൽ അത് വഴി ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കാനും കഴിയുമെന്ന് കെ ടി എം സെക്രട്ടറി പി.കെ അനീഷ്‌കുമാർ അഭിപ്രായപ്പെട്ടു. വിദേശ വിനോദ സഞ്ചാരികളുടെ സന്ദർശന പരിപാടിയിൽ ഹോം സ്റ്റേകളും ഗ്രാമീണ ജീവിത രീതികളും കൂടുതലായി ഉൾപ്പെടുത്താൻ ടൂർ ഓപ്പറേറ്റർമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടൂറിസം വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം തദ്ദേശീയർക്ക് കൂടി ലഭിക്കുമെന്നതിനാൽ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കണം. ആലപ്പുഴ ഇതിന് ഉദാഹരണമാണ്. ജില്ലയിലെ ഒട്ടു മിക്ക കുടുംബങ്ങളിലെയും ഒരാളെങ്കിലും ടൂറിസം മേഖലയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. മത്സ്യ തൊഴിലാളികൾ ഹൗസ് ബോട്ടുമായോ ഹോട്ടലുകളുമായോ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഹർത്താലുകൾ ജന ജീവിതത്തെയും വിനോദ സഞ്ചാരികളുടെ വരവിനേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സെമിനാർ വിലയിരുത്തി. 5000 ഓളം ഡ്രൈവർമാരാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.

ഉപഭോക്താവിനല്ല പ്രാധാന്യം നൽകേണ്ടതെന്നും നാടിനും പരിസ്ഥിതിക്കുമാണെന്നും തദ്ദേശീയ വികസനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും സെമിനാറിൽ പങ്കെടുത്ത് ജോസ് ഡൊമിനിക് പറഞ്ഞു. സന്ദർശനത്തിന് മാത്രമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ രൂപപ്പെടുത്താതെ ജീവിക്കാൻ കഴിയുന്ന തരത്തിൽ ഇത്തരം കേന്ദ്രങ്ങള രൂപപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

ഉത്തരവാദിത്വ ടൂറിസം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും വരും വർഷങ്ങളിൽ ഇതിനു കൂടുതൽ പ്രാമുഖ്യം നൽകണമെന്നും പ്രോജക്ട് കോ ഓർഡിനേറ്റർ സരൂപ് റോയ് നിർദേശിച്ചു. കുമരകം മോഡൽ ടൂറിസമാണ് കേരളത്തിന് ആവശ്യമെന്ന് സംസ്ഥാന ഫീൽഡ് കോ ഓർഡിനേറ്റർ രൂപേഷ് കുമാർ ചൂണ്ടിക്കാട്ടി. സാമ്പത്തിക വളർച്ചക്കും സാമൂഹ്യ വികസനത്തിനും ഗ്രാമീണ ടൂറിസം പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും സംസ്ഥാന സർക്കാരിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും സെമിനാറിൽ മോഡറേറ്റർ ആയിരുന്ന കിറ്റ്‌സ് ഡയറക്ടർ രാജശ്രീ അജിത് പറഞ്ഞു.