ഗ്രാമീണ ടൂറിസത്തിനും വിവാഹ ടൂറിസത്തിനും മികച്ച പ്രതികരണം

Posted on: September 19, 2014

Village-Tourism-big

കേരള ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്ന കേരള ട്രാവൽ മാർട്ടിൽ ഗ്രാമീണ, വിവാഹ ടൂറിസത്തിന് മികച്ച പ്രതികരണം. കേരളം പരീക്ഷിച്ച് വിജയിച്ച കുമരകം മോഡലിന്റെ ചുവട് പിടിച്ചാണ് ഗ്രാമീണ ടൂറിസം അവതരിപ്പിച്ചത്. ഗ്രാമീണ ജനതക്കും സമ്പദ്ഘടനക്കും ഏറെ പ്രയോജനം ലഭിക്കുമെന്നതിനു പുറമേ പ്രകൃതിയും സംസ്‌കാരവും സംരക്ഷിക്കാൻ ഗ്രാമീണ ജനതയും ടൂർ ഓപറേറ്റർമാരും കൈകോർക്കുകയും ചെയ്യും. കരകൗശവസ്തുക്കളും ഗ്രാമീണ ഉത്പന്നങ്ങളും വിറ്റഴിക്കാനും വില്ലേജ് ടൂറിസം വഴിയൊരുക്കും.

ബാക്ക് വാട്ടർ, ബീച്ച്, റിസോർട്ട്, ഹൗസ്‌ബോട്ട് എന്നിവയിലൂടെയാണ് വിവാഹ ടൂറിസത്തിനായി കേരളം സന്ദർശകരെ ആകർഷിക്കുന്നത്. പ്രകൃതി രമണീയമായ സ്ഥലത്ത് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്ത് കൂടാനും വിവാഹത്തിൽ പങ്കെടുത്ത് അവിസ്മരണീയമായ മുഹൂർത്തങ്ങൾ ആസ്വദിക്കാനും മികച്ച വേദി എന്ന തരത്തിലാണ് വിവാഹ ടൂറിസം അവതരിപ്പിച്ചിട്ടുള്ളത്.

കായൽ ടൂറിസത്തിന്റെ ഭാഗമായി വിവാഹ ഡസ്റ്റിനേഷനുകളായി കുമരകം, ആലപ്പുഴ, കൊച്ചി, പൂവാർ, കൊല്ലം, എന്നിവിടങ്ങളാണ് കേരളം അവതരിപ്പിക്കുന്നത്. ബാക്ക് വാട്ടർ റിസോർട്ട്, ദ്വീപ്, ഹൗസ് ബോട്ട്, തുടങ്ങിയവയാണ് വിവാഹ വേദികൾക്കായി അവതരിപ്പിക്കുന്നത്.

അവിസ്മരണീയമായ ബീച്ച് വിവാഹ വേദികളായി കോവളം, ബേക്കൽ എന്നിവിടങ്ങളിലെ ബീച്ച് റിസോർട്ടുകൾ, വില്ല എന്നിവയും ഹിൽ ഡെസ്റ്റിനെഷനുകളായി മൂന്നാർ, വയനാട് എന്നിവയും ഇവിടങ്ങളിലുള്ള ജംഗിൾ റിസോർട്ടുകളും ടൂറിസ്റ്റ് സ്‌പോട്ടുകളുമാണ് കേരളം പരിചയപ്പെടുത്തുന്നത്.