വേൾഡ് ട്രാവൽ മാർട്ടിൽ ആയുർബോധയുമായി കെടിഡിസി

Posted on: November 7, 2017

തിരുവനന്തപുരം : വിദേശികൾക്ക് കേരളത്തിന്റെ അനുപമമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ആയുർവേദ ചികിൽസാവിധികളെയും അറിവു പകരാനും ലക്ഷ്യമിട്ട് കെടിഡിസി ഹ്രസ്വ പാഠ്യപദ്ധതി അവതരിപ്പിച്ചു. ആയുർബോധ എന്ന പേരിൽ കെടിഡിസി ആവിഷ്‌കരിക്കുന്ന പതിനഞ്ചു ദിവസത്തെ ബോധവത്കരണ കോഴ്‌സ് ലണ്ടനിലെ വേൾഡ് ട്രാവൽ മാർട്ടിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനാവരണം ചെയ്തു.

ആയുർവേദാധിഷ്ഠിതമായ ജീവിതശൈലി, ഭക്ഷണക്രമം, നാട്ടുമരുന്നു പ്രയോഗങ്ങൾ, ഒറ്റമൂലികൾ, യൗവനം നിലനിർത്താനുള്ള മാർഗങ്ങൾ, വേദനസംഹാരത്തിനുള്ള മാർഗങ്ങൾ, പഞ്ചകർമ ചികിൽസ എന്നിവയെക്കുറച്ചുള്ള അറിവും ഇതുവഴി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു. വിദഗ്ധ ആയുർവേദ ചികിൽസകർ നയിക്കുന്ന ഈ പാഠ്യപദ്ധതിക്കൊടുവിൽ സർട്ടിഫിക്കറ്റും നൽകും. താമസവും പ്രാതലുമടക്കം ഒരു ദിവസത്തെ ഫീസ് നൂറു ഡോളറാണ്. സഞ്ചാരികൾക്ക് അവർക്കിഷ്ടമുള്ള പരിശീലനകേന്ദ്രം തെരഞ്ഞെടുക്കാം.

കേരളത്തിലെ പ്രശാന്തമായ അന്തരീക്ഷത്തിൽ ഒഴിവുകാലത്തെ സമ്പന്നമാക്കാൻ കാലാതിവർത്തിയായ ആയുർവേദം സഞ്ചാരികളെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലണ്ടനിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടർ ബാലകിരൺ, കെടിഡിസി മാനേജിംഗ് ഡയറക്ടർ ആർ.രാഹുൽ വിവിധ രാജ്യങ്ങളിലെ ടൂറിസം വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കോവളം സമുദ്ര റിസോർട്ട്, മൂന്നാർ മലനിരകളിലെ ടീ കൗണ്ടി റിസോർട്ട്, തേക്കടിയിലെ ബ്രിട്ടീഷ് എസ്റ്റേറ്റ് ബംഗ്ലാവായ ആരണ്യനിവാസ്, കൊച്ചിയിലെ ഡച്ച് പൈതൃകകേന്ദ്രം കൂടിയായ ബോൾഗാട്ടി ഐലൻഡ് റിസോർട്ട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ആയുർബോധ പഠനകേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്.