കേരള ട്രാവൽ മാർട്ട് പ്രദർശനത്തിന് തുടക്കമായി

Posted on: September 18, 2014

KTM-Exhibition-big

കേരള ട്രാവൽ മാർട്ട് പ്രദർശനം വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവൻഷൻ സെന്ററിൽ തുടങ്ങി. ടൂറിസം മന്ത്രി എ പി അനിൽകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. കെ ടി എം പ്രസിഡന്റ് അബ്രഹാം ജോർജ്, പി ഐ ഷേഖ് പരീത്, പി.കെ.അനീഷ് കുമാർ, ഇ എം നജീബ്, സജീവ് കുറുപ്പ്, റിയാസ് അഹമ്മദ് എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഫ്‌ലാഷ് മോബ് വിദേശ പ്രതിനിധികൾക്ക് കൗതുകമായി.

60000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹാളിൽ 255 സ്റ്റാളുകളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. കേരളീയ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന, ഓല മേഞ്ഞ കവാടം കടന്ന് പ്രദർശന നഗരിയിലേക്ക് കടന്നാൽ ഗ്രാമീണ കേരള ജീവിതത്തിന്റെ തനത് കാഴ്ചകൾ സ്വാഗതം ചെയ്യും. കൈത്തറിയും, മൺപാത്ര നിർമ്മാണവും ചകിരി പിരിയും ഓല മെടയലും അമ്പും വില്ലും എന്ന് വേണ്ട കേരളത്തിന്റെ ഗ്രാമീണ ജീവിതം ഒന്നാകെ ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗ്രാമീണ ഉത്പന്നങ്ങളുടെ നിർമ്മാണ രീതികളെല്ലാം ഇവിടെ കാണാനാകും.

ശനിയാഴ്ച്ച വരെ രാവിലെ 10 മുതൽ വൈകുന്നരം 6 വരെയാണ് പ്രദർശനം. ശനിയാഴ്ച ഉച്ചക്ക് 12 മണി വരെ ബിസിനസ് പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനം. ശനിയാഴ്ച്ച ഉച്ചക്ക് ശേഷം വൈകുന്നേരം 6 വരെ പൊതു ജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും. 19 ന് രാവിലെ പതിനൊന്നിനു ആയുർവേദ സെമിനാറും വൈകിട്ട് മൂന്നിന് കേന്ദ്ര ടൂറിസം സെക്രട്ടറി പർവേസ് ദിവാൻ പ്രതിനിധികളെ അഭിസംബോധന ചെയ്യും. 20 ന് രാവിലെ 11 ന് ഉത്തരവാദിത്വ ടൂറിസത്തെ കുറിച്ച് സുമൻ ബില്ല സംസാരിക്കും.

TAGS: KTM 2014 |