ബജറ്റ് ഹോട്ടലുകളുടെ ജി എസ് ടി 5 ശതമാനമാക്കണമെന്ന് ഫിക്കി

Posted on: May 4, 2017

കൊച്ചി : രണ്ടായിരം രൂപയിൽ താഴെ പ്രതിദിന വാടക ഈടാക്കുന്ന ബജറ്റ് ഹോട്ടലുകളെ ചരക്കു സേവന നികുതി നടപ്പാക്കുമ്പോൾ അഞ്ചു ശതമാനം സ്ലാബിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനോട് ഫിക്കി ആവശ്യപ്പെട്ടു. ചരക്കു സേവന നികുതി സംബന്ധിച്ച നിർണായക ചർച്ചകൾ മെയ് മൂന്നാം വാരം നടക്കാനിരിക്കെ ബന്ധപ്പെട്ട വ്യവസായ മേഖലകളുടെ പ്രതികരണവും ആശങ്കകളും അറിയിക്കാൻ സർക്കാർ നിർദേശം വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ചെറുകിട ഹോട്ടൽ ഉടമസ്ഥരുടെ ആവശ്യങ്ങൾ സംസ്ഥാന ധനമന്ത്രി മുമ്പാകെ ഫിക്കി അവതരിപ്പിച്ചത്.

സാധാരണക്കാരെ സംബന്ധിച്ച് ഏക ആശ്രയം ബജറ്റ് ഹോട്ടലുകളാണ്. ആയിരം രൂപയിൽ താഴെ വാടകയുള്ള ഹോട്ടൽ മുറികളെ 2012 ൽ ഇറക്കിയ വിജ്ഞാപന പ്രകാരം സേവന നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ 200 രൂപ മുതൽ 500 രൂപ വരെ വാടകയുള്ള മുറികൾക്ക് 7.5 ശതമാനവും 500 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 12.5 ശതമാനവും ആഡംബര നികുതി ബാധകമാണ്. എന്നാൽ മറ്റു പല സംസ്ഥാനങ്ങളിൽ ഇതില്ലെന്നും ഫിക്കി ചൂണ്ടിക്കാട്ടി.

തങ്ങളുടെ ആശങ്കകൾ സർക്കാരുമായി പങ്കുവെക്കാൻ വേദിയൊരുക്കിയതിൽ ഫിക്കിയോട് കടപ്പാടുണ്ടെന്ന് ദ്വാരകാ ഹോട്ടൽ ഉടമ പ്രമീള പറഞ്ഞു. രാജ്യം മുഴുവൻ ഒരേ നികുതി എന്ന സംവിധാനത്തിന്റെ ഭാഗമാകാൻ തങ്ങൾക്കാഗ്രഹമുണ്ട്. എന്നാൽ തങ്ങളുടെ ബിസിനസ് ഇല്ലാതാക്കിക്കൊണ്ടാവരുതെന്നും അവർ ചൂണ്ടിക്കാട്ടി. ഉയർന്ന ചരക്കു സേവന നികുതിയുമായി നിലനിൽക്കാൻ ബജറ്റ് ഹോട്ടൽ വ്യവസായത്തിനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇളവുകൾക്കായി തങ്ങൾ കാത്തിരിക്കുകയാണെന്ന് പേൾ മലബാർ ഉടമ ഷജീദ് പറഞ്ഞു.

TAGS: Ficci | GST |