കിഴക്കൻ യൂറോപ്പിലും സ്‌പെയിനിലും കേരള ടൂറിസം റോഡ് ഷോ

Posted on: April 9, 2017

തിരുവനന്തപുരം : കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനായി കൊച്ചി മുസിരിസ് ബിനാലെക്ക് പ്രാമുഖ്യം നൽകി റോഡ് ഷോയുമായി കേരള ടൂറിസം. മൂന്നു പതിപ്പിനുള്ളിൽ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ബിനാലെയിലൂടെ നേട്ടംകൊയ്യാൻ കേരള ടൂറിസം പദ്ധതിയിട്ടിരിക്കുന്നത് പ്രധാനമായും യൂറോപ്പിനെ ലക്ഷ്യമിട്ടാണ്.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഈ ദൃശ്യകലാമേളയാണ് സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക്, ഉക്രയ്ൻ, റഷ്യ എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച്ച നടത്തിയ റോഡ് ഷോകളിലെ പ്രധാന ഇനം. സംസ്ഥാന ടൂറിസം വകുപ്പ് പുറത്തിറക്കിയ ബിനാലെയെക്കുറിച്ചുള്ള മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ബാർസലോന (സ്‌പെയിൻ), പ്രാഗ് (ചെക്ക് റിപ്പബ്ലിക്), സെന്റ് പീറ്റേഴ്‌സ്ബർഗ് (റഷ്യ), കീവ് (ഉക്രെയ്ൻ) എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.

കേരളത്തിന്റെ തനത് പാരമ്പര്യവും രീതികളും കൂടുതൽ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിന് റോഡ് ഷോകൾ സഹായിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബാഴ്‌സിലോണയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും നടത്തിയ റോഡ് ഷോകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി പറഞ്ഞു.

TAGS: Kerala Tourism |