കേരള ബ്ലോഗ് എക്‌സ്പ്രസിനു തുടക്കമായി

Posted on: April 7, 2017

കൊച്ചി : ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗ് എക്‌സ്പ്രസ് നാലാം പതിപ്പിലേക്കു കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗർമാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് തിങ്കളാഴ്ച രാവിലെ കൊച്ചി ബോൾഗാട്ടി പാലസിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഏപ്രിൽ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിലാണ് 15 ദിവസത്തെ യാത്ര.

ടൂറിസം വിപണനത്തിന് കേരളം ആവിഷ്‌ക്കരിച്ച അതിനൂതന സംരംഭമാണ് ബ്ലോഗ് എക്‌സ്പ്രസ്സെന്നും അത് വരും വർഷങ്ങളിലും വിപണനത്തിന്റെ നിലവാരം ഉയർത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിനു സുപ്രധാനമായ ടൂറിസം മേഖലയിൽ സാരമായ പുരോഗതിക്ക് ഇത് സഹായകമായി. ലക്ഷ്യസ്ഥാനമെന്ന നിലയിൽ കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാനും മേഖലയുടെ വളർച്ചക്കും ബ്ലോഗ് എക്‌സ്പ്രസിനു കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരെ ഇവിടെയെത്തിച്ച് അവർക്ക് കേരളത്തെ നേരിട്ട് അനുഭവവേദ്യമാക്കാനും അവർ വഴി വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമാണ് ഈ സംരംഭം. കേരളത്തിന്റെ തനതായ ആയുർവേദവും കഥകളിയും കായൽ സഞ്ചാരവും കായികകലകളും അവർക്ക് നേരിൽ കാണാൻ അവസരമൊരുക്കുകയാണ്. ബ്ലോഗ് എക്‌സ്പ്രസിൽ പങ്കാളികളായവർക്ക് കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇവിടുത്തെ സംസ്‌ക്കാരവും ചരിത്രവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു.

ബ്രിട്ടൻ, കാനഡ, അമേരിക്ക, സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബ്രസീൽ, ഇറ്റലി, മലേഷ്യ, സ്വീഡൻ, അർജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗർമാർക്കൊപ്പം ഇന്ത്യയിൽനിന്നുള്ള ഏക അംഗമായ ദീപാൻഷു ഗോയലും ബ്ലോഗ് എക്‌സ്പ്രസിൽ യാത്രയ്ക്കുണ്ട്. 38000 പേർ പങ്കെടുത്ത ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് ബ്ലോഗർമാരെ തെരഞ്ഞെടുത്തത്. ഉദ്ഘാടന ദിവസമായ മാർച്ച് 20 നും 26 നും കൊച്ചി, 21 ന് ആലപ്പുഴ, 22ന് കുമരകം, 23ന് തേക്കടി, 24 നും 25 നും മൂന്നാർ, 27നും 28നും തൃശൂർ, 29ന് കോഴിക്കോട്, 30ന് വയനാട്, 31 ന് കണ്ണൂർ, ഏപ്രിൽ ഒന്നിനും രണ്ടിനും കാസർകോട് എന്നിവിടങ്ങളിലൂടെ റോഡുമാർഗം സഞ്ചരിക്കുന്ന ബ്ലോഗ് എക്‌സ്പ്രസ് ഏപ്രിൽ മൂന്നിന് അവസാന ലക്ഷ്യകേന്ദ്രമായ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

രണ്ടാഴ്ചത്തെ പര്യടനത്തിലൂടെ അടുത്തറിയുന്ന കേരളത്തിന്റെ പ്രകൃതിഭംഗിയെപ്പറ്റി യാത്രികർ ബ്ലോഗുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതും. ഇതുവഴി കേരളത്തിന്റെ വിനോദസഞ്ചാര പ്രൗഢി, ആഗോള സഞ്ചാരസമൂഹം കൂടുതൽ അടുത്തറിയുകയും ഇവിടെയെത്തുകയും ചെയ്യുമെന്നാണു പ്രതീക്ഷ. ബ്ലോഗ് എക്‌സ്പ്രസിന്റെ ആദ്യ മൂന്നു യാത്രകളും കേരള ടൂറിസത്തിന് വൻകുതിപ്പാണു സമ്മാനിച്ചത്. ആഗോളതലത്തിൽ സാമൂഹിക മാധ്യമങ്ങളിലും ട്രാവൽ ടൂറിസം രംഗങ്ങളിലും ബ്ലോഗ് എക്‌സ്പ്രസ് ഏറെ ശ്രദ്ധേയമായ പ്രചാരണപരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നു പതിപ്പുകളിലുമായി 87 ബ്രാൻഡ് അംബാസഡർമാരാണു കേരളക്കാഴ്ചകൾ കാണാനെത്തിയത്. കഴിഞ്ഞ നാലുവർഷത്തിനിടെ നാലായിരത്തി അഞ്ഞൂറിലേറെ എൻട്രികൾ നേടിയെടുത്ത പദ്ധതി, ‘ആയുഷ്‌ക്കാലത്തിന്റെ സഞ്ചാരം!’ എന്ന പരസ്യവാചകത്തെ ശരിവയ്ക്കുന്ന പ്രകടനമാണു നടത്തിയത്. ഒട്ടേറെ വിദേശ അച്ചടി, ഓൺലൈൻ, ടെലിവിഷൻ മാധ്യമങ്ങൾ ബ്ലോഗ് എക്‌സ്പ്രസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ഡോക്യുമെന്ററികൾ ഉൾപ്പെടെ പ്രദർശിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മൂന്നാംപതിപ്പിന് ഗോവ ഫെസ്റ്റ് 2016 ൽ വെങ്കല പുരസ്‌കാരവും ലഭിച്ചു.

സമൂഹമാധ്യമ പ്രചാരണം, സഹവാസ യാത്രകൾ, ബ്ലോഗേഴ്‌സ് മീറ്റ്, റോഡ് യാത്രകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് വിശാലതലത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ സംരംഭം ലോകത്തിൽത്തന്നെ മറ്റൊരു ടൂറിസം പ്രസ്ഥാനവും ആവിഷ്‌കരിച്ചിട്ടില്ലെന്നതാണ് കേരള ബ്ലോഗ് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം നിന്ന് ബ്ലോഗർമാർ സെൽഫി എടുക്കുകയും അദ്ദേഹത്തോടൊപ്പം അൽപ്പനേരം പ്രത്യകം തയ്യാറാക്കിയ ബ്ലോഗ് എക്‌സപ്രസ് ബസിൽ യാത്ര ചെയ്യുകയും ചെയ്തു. തുടർന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ബ്ലോഗ് എക്‌സപ്രസ് സഞ്ചാരികൾ സ്വയം പരിചയപ്പെടുത്തി. ചടങ്ങിൽ ടൂറിസം ജോയിന്റ് ഡയറക്ടർ പി ജി ശിവൻ, ഡെപ്യൂട്ടി ഡയറക്ടർ വി എസ് അനിൽ തുടങ്ങിയവരും പങ്കെടുത്തു.

TAGS: Kerala Tourism |