കേരള ട്രാവൽ മാർട്ട് ഉദ്ഘാടനം 17 ന്

Posted on: September 10, 2014

 

Kerala-Travel-Mart-bigകേരള ട്രാവൽ മാർട്ട് 2014 ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ 17 ന് വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് യശോ നായിക് മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷത വഹിക്കും.

കെ ടി എമ്മിന്റെ ബി2ബി മീറ്റ് ഉൾപ്പടെയുള്ള മറ്റു പരിപാടികൾ 18 മുതൽ 20 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

സാമുദ്രിക കൺവൻഷൻ സെന്ററിൽ പൂർണമായും കേരള തനിമ വിളിച്ചോതുന്ന തരത്തിലാകും വേദിയും കവാടവും തയാറാക്കുന്നത്. വേദിയോട് ചേർന്ന് കേരള ഗ്രാമീണ ജീവിതം ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ വിവാഹ തീമുകളും ഒരുക്കുന്നുണ്ട്. ഫുഡ് കോർട്ടിൽ കേരളത്തിന്റെ തനത് വിഭവങ്ങൾ എല്ലാം ലഭ്യമാകും.

വെഡിംഗ് ഡസ്റ്റിനേഷനായി കേരളത്തെ മാറ്റിയെടുക്കുക എന്നതാണ് ഇത്തവണത്തെ ട്രാവൽ മാർട്ടിന്റെ പ്രധാന ലക്ഷ്യമെന്നു കെ ടി എം പ്രസിഡന്റ് അബ്രഹാം ജോർജ് പറഞ്ഞു. 282 അന്താരാഷ്ട്ര ബയർമാരും 938 തദ്ദേശീയ ബയർമാരും ഇത്തവണ കെ ടി എമ്മിൽ പങ്കെടുക്കുന്നുണ്ടെന്ന് അബ്രഹാം ജോർജ് പറഞ്ഞു.

ബയർ സെല്ലർ കൂടിക്കാഴ്ച്ചക്കായി പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യയാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഇതിലൂടെ ഓൺലൈനായി കൂടിക്കാഴ്ച ബുക്ക് ചെയ്യാൻ സാധിക്കും. കൂടിക്കാഴ്ച ഉറപ്പിച്ചു കഴിഞ്ഞാൽ സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ സമയം നിശ്ചയിക്കാൻ കഴിയും.

അർജന്റ്റീന, ഓസ്‌ട്രേലിയ, സ്‌കാൻഡ്‌നേവിയ, ബ്രസീൽ എന്നിവയാണ് കെ ടി എമ്മിൽ ഇത്തവണ പുതുതായി പങ്കെടുക്കുന്ന രാജ്യങ്ങൾ. യു കെ, സ്‌പെയിൻ, ജെർമനി, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബയർമാർ എത്തുന്നതെന്നും അബ്രഹാം ജോർജ് പറഞ്ഞു.

കെ ടി എമ്മിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള വിവിധ സെമിനാറുകളിൽ കേന്ദ്ര ടൂറിസം സെക്രട്ടറി പർവേസ് ദിവാൻ, സുമൻ ബല്ല, ബെന്നി കുര്യാക്കോസ്, ഡോ. ജി ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിക്കും. ഏഴു വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള ഫാം ടൂറും കെ ടി എമ്മിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഇത്തവണ കെ ടി എം സംഘടിപ്പിച്ചിരിക്കുന്നത്.