ചെക് റിപ്പബ്ലിക്കിന്റെ വിസാ അപേക്ഷാ കേന്ദ്രം കൊച്ചിയിൽ

Posted on: March 9, 2017

കൊച്ചി : ചെക് റിപ്പബ്ലിക് എംബസിയും വിഎഫ്എസ് ഗ്ലോബലും ചേർന്ന് കൊച്ചിയിൽ ചെക് വിസാ അപേക്ഷാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യയിലെ 11 മത് ചെക് റിപ്പബ്ലിക് വിസാ അപേക്ഷാ കേന്ദ്രമാണ് കൊച്ചിയിലേത്. ചെക് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി മാർട്ടിൻ സ്‌മോലേക്, ഇന്ത്യയിലെ ചെക് സ്ഥാനപതി മിലൻ ഹോവോർക, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ ചേർന്ന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.  കൊച്ചിയിൽ എം.ജി. റോഡിൽ രവിപുരത്തുള്ള കോസ്റ്റൽ ചേമ്പേഴ്‌സ് (മനോജ് ടവർ) ഒന്നാം നിലയിലാണ്  പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്.

ജനങ്ങൾക്ക് ചെക് റിപ്പബ്ലിക് സന്ദർശിക്കാനായുള്ള ഷെംഗൻ വിസായ്ക്കായി വിഎഫ്എസ് കേന്ദ്രങ്ങൾ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാനാവുമെന്ന് ചടങ്ങിൽ സംബന്ധിച്ച ഇന്ത്യയിലെ ചെക് സ്ഥാനപതി മിലൻ ഹോവോർക ചൂണ്ടിക്കാട്ടി.

ചെക് റിപബ്ലിക്കിലേക്ക് കൂടുതൽ പേർക്കു സന്ദർശനം നടത്താൻ അവസരമൊരുക്കുമെന്നും ചെക് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി മാർട്ടിൻ സ്‌മോലെക് പറഞ്ഞു. കൂടുതൽ ചെക് വിസാ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദേഹം വെളിപ്പെടുത്തി.

പുതിയ വിസാ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു മുമ്പ് ചെക് വിസായ്ക്കായി അപേക്ഷകർ ഡൽഹിയിലേക്കോ മുംബൈയിലേക്കോ യാത്ര ചെയ്യേണ്ടിയിരുന്നു. ഇന്ത്യയിലെ ചെക് റിപ്പബ്ലിക്കിനായുള്ള വിസാ സേവനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഈ അവസരത്തിൽ വിഎഫ്എസ് ഗ്ലോബലിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് സൗത്ത് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനയ് മൽഹോത്ര പറഞ്ഞു. ഷെംഗൻ രാജ്യങ്ങളിലേക്കുള്ള വർധിച്ചു വരുന്ന വിസാ അപേക്ഷകൾ കൈകാര്യം ചെയ്യാൻ പുതിയ കേന്ദ്രത്തിനു സാധിക്കുമെന്നും അദേഹം പറഞ്ഞു.