തെലങ്കാന ടൂറിസം ഇന്ററാക്ടീവ് മീറ്റ് കൊച്ചിയിൽ

Posted on: February 21, 2017

തെലങ്കാന ടൂറിസം കൊച്ചിയിൽ നടത്തിയ ഇന്ററാക്ടീവ് മീറ്റിൽ തെലുങ്കാന ടൂറിസം സെക്രട്ടറി ബി. വെങ്കിടേശം ഐഎഎസ്  സംസാരിക്കുന്നു.

കൊച്ചി : തെലങ്കാന ടൂറിസം കൊച്ചിയിൽ ഇന്ററാക്ടീവ് മീറ്റ് സംഘടിപ്പിച്ചു. തെലങ്കാന ടൂറിസം വകുപ്പ് സെക്രട്ടറി ബി. വെങ്കിടേശം ഐഎഎസ്   മീറ്റിനെ അഭിസംബോധന ചെയ്തു. വിനോദ സഞ്ചാരികളെ തെലുങ്കാനയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നതിന് സത്വര പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്ന് അദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി തെലുങ്കാനയെ വ്യത്യസ്തമായ ബ്രാൻഡായി അവതരിപ്പിക്കുകയും പുതിയ ലോഗോ ജനങ്ങളിലെത്തിക്കുകയുമാണ് ആദ്യപടി. കേരള സർക്കാരുമായി പരസ്പര സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് പ്രാരംഭ ചർച്ചകൾ നടത്തിക്കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ വളരെയേറെ മുന്നിലുള്ള കേരളത്തെ മാതൃകയാക്കാനാണ് തെലങ്കാന ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, വാറങ്കലിൽ ട്രൈബൽ സർക്യൂട്ടും യാദഗിരിഗുട്ട (നൽഗോണ്ട ജില്ല) ആത്മീയ വിനോദ സഞ്ചാര കേന്ദ്രമായും വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വിശാലമായ ആദിവാസി അധിവാസ മേഖലകളാൽ അനുഗൃഹീതമായ തെലങ്കാന കലയിലും കരകൗശല വസ്തുക്കളാലും സമ്പന്നമാണ്. ആദിവാസി കേന്ദ്രങ്ങളുടെ വികസനത്തിനായി അവരുടെ ജീവിതാന്തരീക്ഷത്തിനു ഭംഗം വരുത്താതെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് സർക്കാർ ശ്രമം. അതുവഴി പ്രാദേശിക കലാരൂപങ്ങളെയും കരകൗശല വസ്തുക്കളെയും പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുകയുമാണ് ലക്ഷ്യം. പുരോഗമനപരവും നിക്ഷേപ-സൗഹൃദ നയങ്ങളും മൂലം നിക്ഷേപകരെ ആകർഷിക്കുന്ന കേന്ദ്രമായി തെലങ്കാന വളരുകയാണ്. തെലങ്കാന ടൂറിസത്തിന്റെ കണക്കുപ്രകാരം 2016 ഡിസംബർ വരെ 7.14 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് തെലങ്കാനയിലെത്തിയത്. 2015 ൽ 9.45 കോടി സഞ്ചാരികളും 2014 ൽ 7.23 പേരും സംസ്ഥാനത്തെത്തി. 2016 ഡിസംബർ വരെ 1.67 ലക്ഷം വിദേശ സഞ്ചാരികളും ഇവിടെയെത്തി. 2015 ൽ 1.26 ലക്ഷവും 2014 ൽ 0.75 ലക്ഷവും വിദേശ സഞ്ചാരികളാണെത്തിയത്.

സംസ്ഥാനത്തിന് അകത്തും പുറത്തമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന കൂടുതൽ ടൂർ പാക്കേജുകൾ അവതരിപ്പിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഹോട്ടലുകൾ, വഴിയോര സൗകര്യങ്ങൾ, ടൂറിസ്റ്റ് പാക്കേജുകൾ, ബോട്ടിംഗ്, സൗണ്ട് ആൻഡ് ലൈറ്റ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് സർക്കാർ തയാറാക്കുന്നതെന്ന് അദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വിവിധ ടൂർ ഓപ്പറേറ്റർമാരും പരിപാടിയിൽ പങ്കെടുത്തു.