ഇ-വിസ : 2016 ൽ അരലക്ഷത്തിലേറെ സഞ്ചാരികൾ

Posted on: February 17, 2017

തിരുവനന്തപുരം : ഇ-വിസ ഉപയോഗിച്ച് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ 2016 ൽ എത്തിയത് അരലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികൾ. 2015 ൽ 71 രാജ്യങ്ങളിൽ നിന്നായി 25,395 വിദേശ സഞ്ചാരികളാണ് എത്തിയിരുന്നത്. 2016 ൽ ഇ-വിസ അനുവദിച്ചിരുന്ന രാജ്യങ്ങളുടെ എണ്ണം 125 ആക്കി വർധിപ്പിച്ചപ്പോൾ വിനോദസഞ്ചാരികളുടെ എണ്ണം 57,140 ആയി ഉയരുകയായിരുന്നു. 2015 നെ അപേക്ഷിച്ച് 2016 ൽ ഇ-വിസ പ്രയോജനപ്പെടുത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 125 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇ-വിസ സൗകര്യമുപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ 91 രാജ്യങ്ങളിൽ നിന്നായി 16,848 പേരും കൊച്ചി വിമാനത്താവളത്തിൽ 110 രാജ്യങ്ങളിൽ നിന്നായി 40,292 പേരും എത്തിയിരുന്നു. ഇ-വിസയുടെ സൗകര്യങ്ങൾ സംബന്ധിച്ച് കൂടുതൽ രാജ്യങ്ങളിൽ പ്രചരണ പരിപാടികൾ നടത്താൻ കേരള ടൂറിസം പദ്ധതിയിടുന്നതായി കേരള ടൂറിസം ഡയറക്ടർ യു. വി. ജോസ് പറഞ്ഞു.

ഇ-വിസ ഉപയോഗിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് യു.കെയിൽ നിന്നായിരുന്നു. ഇ-വിസ ഉപയോഗിച്ച് എത്തിയവരിൽ യു.കെയിൽ നിന്നുള്ള സന്ദർശകർ 26.92 ശതമാനമാണ്. 11.99 ശതമാനവുമായി അമേരിക്ക, 8 ശതമാനവുമായി ജർമ്മനി എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഫ്രാൻസ് (6.09 ശതമാനം), ഓസ്‌ട്രേലിയ (5.37 ശതമാനം), യു.എ.ഇ (5.02 ശതമാനം) എന്നീ രാജ്യക്കാരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.