നോട്ട് പ്രതിസന്ധിയിലും കേരള ടൂറിസത്തിന് 5.71 ശതമാനം വളർച്ച

Posted on: February 14, 2017

തിരുവനന്തപുരം : കറൻസി നിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 5.71 ശതമാനം വർധന. 2016 ൽ വിദേശവിനോദസഞ്ചാരികളുടെ വരവ് 6.23 ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 5.67 ശതമാനവുമാണ് 2015-നെ അപേക്ഷിച്ച് വർധിച്ചത്.

കഴിഞ്ഞ വർഷം 1.42 (1,42,10,954) കോടി വിനോദസഞ്ചാരികൾ കേരളത്തിലെത്തിയതായി ടൂറിസം വകുപ്പിന്റെ കണക്കുകൾ പറയുന്നു. 2015 ൽ ടൂറിസ്റ്റുകൾ 1.34 കോടിയായിരുന്നു. 1.32 കോടി (1,31,72,535) ആഭ്യന്തര വിനോദസഞ്ചാരികളും 10.38 ലക്ഷം (10,38,419) വിദേശ വിനോദസഞ്ചാരികളും 2016 ൽ ദൈവത്തിന്റെ സ്വന്തം നാട് സന്ദർശിച്ചു.

സീസൺ മാസമായ നവംബറിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിലാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനം കാര്യമായ ഇടിവ് വരുത്തിയത്. 2015 നവംബറിനെ അപേക്ഷിച്ച് അര ശതമാനം കുറവ് ആഭ്യന്തര വിനോദസഞ്ചാരികളാണ് 2016 നവംബറിൽ കേരളത്തിലെത്തിയത്. എട്ടു ശതമാനത്തോളം വർധന പ്രതീക്ഷിക്കപ്പെട്ടിരുന്ന മാസത്തിൽ ഇത് ഫലത്തിൽ 8.5 ശതമാനത്തിന്റെ ഇടിവ് വരുത്തി. തുടർന്ന് ഡിസംബറിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് കൂടിയെങ്കിലും ഈ വലിയ ഇടിവ് ആകെ എണ്ണത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.

സീസണിൽ പ്രഖ്യാപിക്കപ്പെട്ട നോട്ട് അസാധുവാക്കൽ നടപടി ഇല്ലായിരുന്നെങ്കിൽ വിനോദ സഞ്ചാരികളുടെ വരവിൽ കേരളം മികച്ച നേട്ടം കൈവരിക്കുമായിരുന്നുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം മേഖലയിൽ തിരിച്ചടിയുണ്ടായാൽ അത് സംസ്ഥാനത്തെ മൊത്തം ബാധിക്കും. വലിയ തിരിച്ചടിയില്ലാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് സർക്കാരിന്റെയും ഈ രംഗത്തെ സ്വകാര്യ സംരംഭകരുടെയും ശ്രമം മൂലമാണെന്ന് അദേഹം വ്യക്തമാക്കി.

TAGS: Kerala Tourism |