സ്‌പെയിനിലെ ഫിടുർ മേളയിൽ ഉജ്വല പ്രകടനവുമായി കേരള ടൂറിസം

Posted on: January 26, 2017

തിരുവനന്തപുരം : സ്‌പെയിൻ തലസ്ഥാനമായ മഡ്രിഡിൽ നടന്ന ടൂറിസം-ട്രാവൽ മേളയായ ഫിടുർ 2017ൽ കേരള ടൂറിസത്തിന്റെ ഉജ്വല പ്രകടനം. ജനുവരി 18 മുതൽ 22 വരെ നടന്ന മേളയിൽ, കേരളമൊരുക്കിയ വള്ളംകളിയുടെ ജീവൻ തുടിക്കുന്ന ദൃശ്യാവിഷ്‌കാരം തരംഗമായി. ടൂറിസം ഡയറക്ടർ യു. വി. ജോസിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഘം.

സഞ്ചാര വ്യവസായ മേഖലയിൽനിന്നുള്ളവരെയും സാധാരണ കാണികളെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്നതായിരുന്നു കേരള പവിലിയനെന്ന് ടൂറിസം ഡയറക്ടർ യു.വി. ജോസ് പറഞ്ഞു. വള്ളംകളിയെപ്പറ്റിയും കേരളത്തിന്റെ പ്രശാന്തമായ കായലുകളെപ്പറ്റിയും ആയുർവേദ സുഖചികിൽസയെപ്പറ്റിയുമെല്ലാം വിശദാംശങ്ങൾ ചോദിച്ചറിയാൻ കാഴ്ചക്കാർ അത്യുൽസാഹമാണു കാട്ടിയത്. ട

കേരളത്തിലേക്കുള്ള യൂറോപ്യൻ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധന ലക്ഷ്യമിട്ട് ഫ്രാൻസിലെ ലിയോണിൽ ജനുവരി 24നും ഇറ്റലിയിലെ റോമിൽ ജനുവരി 26നും കേരള ടൂറിസം റോഡ്‌ഷോ നടത്തും.

കഴിഞ്ഞ 13 വർഷങ്ങളായി കേരള ടൂറിസം ഫിടുർ മേളയിൽ പങ്കെടുക്കുന്നതായും ആഗോള ടൂറിസം വ്യവസായ ലോകവുമായി വ്യാപാര കരാറുകളും ടൂറിസം വളർച്ചയ്ക്കുള്ള നൂതന തന്ത്രങ്ങളുമാണ് കേരള ടൂറിസത്തിന് മേളയിൽനിന്നുള്ള നേട്ടങ്ങളെന്നും ടൂറിസം ഡയറക്ടർ ചൂണ്ടിക്കാട്ടി.

കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുത്ഷി, സ്‌പെയിനിലെ ഇന്ത്യൻ അംബാസഡർ ഡി.ബി. വെങ്കടേഷ് ശർമ എന്നിവർ കേരള പവിലിയൻ സന്ദർശിച്ചു. സമീപകാലത്ത് കേരളത്തിലേക്കുള്ള സ്പാനിഷ് സഞ്ചാരികളുടെ എണ്ണത്തിൽ നല്ല വർധനയാണുണ്ടാകുന്നത്. 2015 ൽ സ്‌പെയിനിൽ നിന്ന് 14,1877 രജിസ്‌റ്റേർഡ് സന്ദർശകരാണ് കേരളത്തിലെത്തിയത്. തലേ വർഷത്തെ അപേക്ഷിച്ച് ഇത് 21.7 ശതമാനം വർദ്ധിച്ചു.

സിജിഎച്ച് എർത്, കുമരകം ലേക്ക് റിസോർട്ട്, പയനിയർ പേഴ്‌സണലൈസ്ഡ് ഹോളിഡേയ്‌സ്, മാർവെൽ ടൂർസ് എന്നിവരായിരുന്നു ഫിടുർ 2017ൽ കേരള ടൂറിസത്തിന്റെ വ്യാപാര പങ്കാളികൾ.