ട്രാവൽ പ്ലാനേഴ്‌സിന് സംസ്ഥാന ടൂറിസം അവാർഡ്

Posted on: December 20, 2016

തിരുവനന്തപുരം : ടൂറിസത്തിൽ വിവരസാങ്കേതിക വിദ്യയുടെ സമർഥമായ ഉപയോഗത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ടൂറിസം അവാർഡ് ടൂർ ഓപ്പറേറ്ററായ ട്രാവൽ പ്ലാനേഴ്‌സിനു ലഭിച്ചു. വടകര ഇരിങ്ങൽ സർഗാലയ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ട്രാവൽ പ്ലാനേഴ്‌സ് സിഇഒ അനീഷ് കുമാറിന് അവാർഡ് സമ്മാനിച്ചു. ഉപഭോക്തൃ സൗഹൃദപരമായ സംവിധാനങ്ങൾക്കും കേരള ടൂറിസത്തിന്റെ പ്രചാരണത്തിനും ആഗോള ഉപഭോക്താക്കളുമായുള്ള ഫലപ്രദമായ ആശയവിനിമയത്തിനും ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും സമയോചിതവും അർഥവത്തുമായ ഉപയോഗത്തിനുമുള്ള അംഗീകാരമാണ് ട്രാവൽ പ്ലാനേഴ്‌സിനു ലഭിച്ചത്.

കേരള ടൂറിസം പ്രമേയമാക്കി ട്രാവൽ പ്ലാനേഴ്‌സ് യു ട്യൂബിൽ അപ്‌ലോഡ് ചെയ്ത ഹ്രസ്വവിഡിയോ മൂന്നുലക്ഷത്തോളം പേരാണു കണ്ടത്. ഉല്ലാസയാത്രകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന സഞ്ചാരികളുടെ എണ്ണം സമീപകാലത്ത് ഏറെ കൂടിയിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും വഴിയുള്ള പ്രചാരത്തിലൂടെ ഡിജിറ്റൽ ലോകത്ത് പരമാവധി സാന്നിധ്യമുറപ്പിക്കാൻ ഒട്ടേറെ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണെന്നും മുൻപ് ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ട്രാവൽ പ്ലാനേഴ്‌സിന്റെ സിഇഒ അനീഷ് കുമാർ പറഞ്ഞു.

കേരളത്തിലും ഇന്ത്യയിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, സംസ്‌കാരം, ജീവിതശൈലി, സുസ്ഥിരത, ഉത്തരവാദിത്ത ടൂറിസം എന്നിവയെപ്പറ്റി യഥേഷ്ടം വിവരങ്ങൾ ശേഖരിക്കുന്നതിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ ഈ മാധ്യമങ്ങളിലൂടെ തന്നെ ആൾക്കാരെ പ്രേരിപ്പിക്കുകയാണ് തങ്ങളെന്നും അനീഷ് പറഞ്ഞു. ചിത്രങ്ങളും കൗതുകകരങ്ങളായ വസ്തുതകളും വിജ്ഞാനപ്രദമായ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതു വഴിയാണ് ഇതു സാധ്യമാക്കുന്നതെന്നും അനീഷ് വ്യക്തമാക്കി.