കേരളീയ പൈതൃകത്തെ ടൂറിസവുമായി കൂട്ടിയിണക്കണം : മുഖ്യമന്ത്രി

Posted on: December 19, 2016

കോഴിക്കോട് : കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ടൂറിസം അവാർഡുകൾ വിതരണം ചെയ്തു. മികച്ച ടൂറിസം സേവനദാതാക്കൾക്കുള്ള സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ടൂറിസം അവാർഡുകൾ വടകര ഇരിങ്ങൽ സർഗാലയ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്.

കേരളീയ ഉത്പന്നങ്ങളുടെയും പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പൂർണമായ അനുഭവം നേടാൻ ഇവിടെയെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പരമ്പരാഗത വ്യവസായങ്ങൾ ടൂറിസവുമായി ബന്ധപ്പെടുത്തിയാൽ മാത്രമേ ഇതു സാധ്യമാകൂ. കേരളത്തിന്റെ ചരിത്രം ലോകഭൂപടത്തിലെത്തിക്കാനുള്ള കവാടമാണ് വിനോദസഞ്ചാരമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. നവീകരിച്ച കോഴിക്കോട് വിമാനത്താവളവും നിർമാണത്തിലിരിക്കുന്ന കണ്ണൂർ വിമാനത്താവളവും മലബാർ മേഖലയിലെ ടൂറിസം മുന്നേറ്റത്തിനു കുതിപ്പു പകരുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ടൂറിസം മേഖലയിൽ അടുത്ത അഞ്ചു വർഷത്തിൽ നാലു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ചടങ്ങിൽ അധ്യക്ഷനായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒട്ടേറെ നൂതന സംരംഭങ്ങളിലൂടെ ലോക ടൂറിസം ഭൂപടത്തിൽ കേരളം സ്ഥാനം നേടിക്കഴിഞ്ഞു. കൂടുതൽ മാതൃകാ വിനോദസഞ്ചാര ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനു പുറമെ 79 ടൂറിസം സങ്കേതങ്ങൾ വികസിപ്പിക്കാനും സർക്കാരിനു പദ്ധതിയുണ്ട്. ഇതു സഹകരണ മേഖലയുടെ കൂടി സഹായത്തോടെയായിരിക്കും നിർവഹിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

എക്‌സൈസ്-തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ. ദാസൻ എംഎൽഎ സ്വാഗതമാശംസിച്ചു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടർ യു. വി. ജോസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി നേതൃത്വം നൽകിയ ഉന്നതാധികാര സമിതിയാണ് ടൂറിസം സേവനദാതാക്കളിലെ 27 അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.

വിവിധ വിഭാഗങ്ങളിൽ അവാർഡിന് അർഹരായവർ

മികച്ച ആഭ്യന്തര ടൂർ ഓപ്പറേറ്റർ : മാർവൽ ടൂർസ് ഓപ്പറേറ്റർ, മരട്, കാറ്റഗറി 2-ഹോട്ടലുകൾ/ടൂറിസം സേവനദാതാക്കൾ മികച്ച വൺ സ്റ്റാർ/ടു സ്റ്റാർ ഹോട്ടൽ: ആരും അവാർഡിന് അർഹരായില്ല, മികച്ച ത്രീ സ്റ്റാർ ഹോട്ടൽ: ദ മാരാരി ബീച്ച്, മാരാരിക്കുളം, മികച്ച ഫൈവ് സ്റ്റാർ ഹോട്ടൽ : ഉദയ സമുദ്ര ലീഷർ ബീച്ച് ഹോട്ടൽ ആൻഡ് സ്പാ, കോവളം, മികച്ച ഫൈവ് സ്റ്റാർ ഡീലക്‌സ് ഹോട്ടൽ : ക്രൗൺ പ്ലാസ കൊച്ചി, മരട്, മികച്ച ഹെറിറ്റേജ് ഹോട്ടൽ വിഭാഗത്തിൽ പ്രത്യേക പരാമർശം : കോക്കനട്ട് ലഗൂൺ, കുമരകം, മികച്ച ആയുർവേദ കേന്ദ്രം : സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ഹോസ്പിറ്റൽ, ചൊവ്വര, തിരുവനന്തപുരം, മികച്ച ഹൗസ്‌ബോട്ട് ഓപ്പറേറ്റർ : ആർക്കും അവാർഡ് ഇല്ല.

മികച്ച ഹോംസ്റ്റേ : കോക്കനട്ട് ക്രീക്ക് ഫാം ആൻഡ് ഹോംസ്റ്റേ, പൊന്നാട്ടുശ്ശേരിൽ, കുമരകം, മികച്ച സർവീസ്ഡ് വില്ല : ടീക്ക് ടൗൺ, മാമ്പാട്, മലപ്പുറം, മികച്ച ഹോട്ടൽ മാനേജർ : ജയചിത്ര, സോമതീരം ആയുർവേദ റിസോർട്ട്, ചൊവ്വര, തിരുവനന്തപുരം, മികച്ച ടൂറിസം/ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്: മൂന്നാർ കാറ്ററിംഗ് കോളജ്, മൂന്നാർ, പത്രമാധ്യമങ്ങളിലെ മികച്ച ടൂറിസം റിപ്പോർട്ട് : ഡോ. കെ.സി. കൃഷ്ണകുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മികച്ച ടൂറിസം ഫോട്ടോഗ്രഫി : അരുൺ ശ്രീധർ, മലയാള മനോരമ, മികച്ച ടൂറിസം മാസിക : ആയുർവേദ, കൊച്ചി,

ടൂറിസം മേഖലയിലെ മികച്ച നൂതന സംരംഭത്തിന് പ്രത്യേക പരാമർശം : ജോസഫ് കെ. മാറാട്ടുകുളം, അഡ്വഞ്ചർ ഓൺ വീൽസ്, മാമ്പാട്, മലപ്പുറം, ടൂറിസം മേഖലയിൽ വിവര സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗം : സോമതീരം ആയുർവേദ ഗ്രൂപ്പ് കോവളം, ദ ട്രാവൽ പ്ലാനേഴ്‌സ്, തിരുവനന്തപുരം, ഉത്തരവാദിത്ത ടൂറിസത്തിലെ മികച്ച പ്രവർത്തനം : ആർക്കും അവാർഡില്ല, മികച്ച അഡ്വഞ്ചർ ടൂറിസം ഓപറേറ്റർ : കാലിപ്‌സോ അഡ്വഞ്ചേഴ്‌സ്, കൊച്ചി, മികച്ച ടൂറിസം ക്ലബ്: സെന്റ് സേവിയേഴ്‌സ് കോളജ് ഫോർ വിമൻ, ആലുവ, മികച്ച ടൂറിസം ക്ലബ് അധ്യാപക കോ ഓർഡിനേറ്റർ : ഡോ. കെ. ഷെയ്ക്ക് മുഹമ്മദ്, മികച്ച ടൂറിസം ക്ലബ് സ്റ്റുഡന്റ് കോ ഓർഡിനേറ്റർ (പ്രത്യേക പരാമർശം) നടാഷ ബിജി ജോസഫ്, സെന്റ് സേവിയേഴ്‌സ് കോളജ് ഫോർ വിമൻ,

മികച്ച ടൂറിസം പൊലീസ് : എ.ജി. സനൽ കുമാർ, വടക്കൻ പറവൂർ, മികച്ച ടൂറിസം ലൈഫ് ഗാർഡ് : സി. മഹേശൻ, തെക്കൻ പറവൂർ, മികച്ച ടൂറിസം ഗൈഡ് : ആർക്കും അവാർഡില്ല, മികച്ച ടൂറിസം സങ്കേതം : സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ്, വടകര.

TAGS: Kerala Tourism |