ഗ്രീൻ കാർപറ്റ്: 79 ടൂറിസം കേന്ദ്രങ്ങൾ മികച്ച നിലവാരത്തിലേക്ക്

Posted on: December 10, 2016

green-carpet-big

തിരുവനന്തപുരം : ഗ്രീൻ കാർപറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ 79 കേന്ദ്രങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ മികച്ച ടൂറിസം സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഡയറക്ടർ യു. വി. ജോസ് പറഞ്ഞു.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പുവരുത്തുന്നതിനായി കേരള ടൂറിസം നടപ്പാക്കുന്ന ഗ്രീൻ കാർപറ്റ് പദ്ധതിയുടെ ഭാഗമായി നടന്ന ദ്വിദിന ഉദ്യോഗസ്ഥ പരിശീലന ശിൽപ്പശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രീൻ കാർപറ്റിന്റെ ഭാഗമായി ഹ്രസ്വ-ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ട 111 പദ്ധതികളുടെ കരടുരേഖയ്ക്ക് ശിൽപ്പശാലയിൽ രൂപം നൽകി.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ 79 ഡെസ്റ്റിനേഷൻ മാനേജർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഡിടിപിസി സെക്രട്ടറിമാർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പ്രഫ. രഘുനന്ദൻ (ഐആർടിസി), കിറ്റ്‌സ് പ്രിൻസിപ്പൽ ഡോ. വി. വിജയകുമാർ, പ്രഫ. സരൂപ് റോയ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഫീൽഡ് കോ ഓർഡിനേറ്റർ രൂപേഷ് കുമാർ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി. ടൂറിസം അഡിഷനൽ സെക്രട്ടറി ശ്രീമതി. സരസ്വതി, ശിൽപശാല കോ ഓർഡിനേറ്റർ വി. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.