ടൂറിസം മേഖല ഹർത്താൽ വിമുക്തമാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Posted on: December 9, 2016

green-carpet-workshop-inaug

തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയെ ഹർത്താലിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നതാണ് സർക്കാരിന്റെ വ്യക്തമായ കാഴ്ചപ്പാടെന്നും ഇതാണ് കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ പ്രതിഫലിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ ഗ്രീൻ കാർപ്പറ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കായി ശ്രീകാര്യം മരിയ റാണി സെന്ററിൽ നടക്കുന്ന ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

സുരക്ഷിതത്വവും വൃത്തിയും വെടിപ്പും ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമെല്ലാം ഉറപ്പാക്കിയാൽ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നു പറയാനാകൂ എന്നും അതിനു വേണ്ടിയുള്ള കേരള ടൂറിസത്തിന്റെ ചുവടുവയ്പ്പാണെന്ന് ഗ്രീൻ കാർപ്പറ്റ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാരമേഖലയിലെ ഉദ്യോഗസ്ഥർ യാന്ത്രികമായ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കേണ്ടവരല്ലെന്നും സ്വന്തം ഉത്തരവാദിത്തങ്ങളോട് സ്വപ്നസമാനമായ സങ്കൽപ്പങ്ങൾ ചേർത്തു പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ചില പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങാതെ കേരളത്തിലെ ടൂറിസം പ്രവർത്തന മേഖല വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം ഡയറക്ടർ യു.വി.ജോസ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരി കിഷോർ, ശുചിത്വ മിഷൻ ഡയറക്ടർ കെ. വാസുകി, ഗ്രീൻ വില്ലേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്.സുഗതൻ, ഹാബിറ്റാറ്റ് ഡയറക്ടർ ജി.ശങ്കർ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഫീൽഡ് കോർഡിനേറ്റർ ശ്രീ കെ. രൂപേഷ് കുമാർ, രാജ്ഭവൻ പിആർഒ എസ്.ഡി.പ്രിൻസ്, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, പ്രഫ. രഘുനന്ദൻ (ഐആർടിസി), ഗോപകുമാർ എന്നിവർ ക്ലാസുകളെടുത്തു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ടി.വി.പ്രശാന്ത് നന്ദി പറഞ്ഞു. ജി.കെ.എസ്.എഫ്. കോർഡിനേറ്റർ ശ്രീ. മധു കല്ലേരിയും സന്നിഹിതനായിരുന്നു.