വിർച്വൽ റിയാലിറ്റി കിയോസ്‌കിൽ ആതിഥേയനായി ടൂറിസം മന്ത്രി

Posted on: December 9, 2016

kadakampally-at-virtual-kio

തിരുവനന്തപുരം : ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള ടൂറിസം ഒരുക്കിയ വിർച്വൽ റിയാലിറ്റി കിയോസ്‌കിൽ ആതിഥേയനായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെട്ടുവള്ളത്തിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതി സൃഷ്ടിച്ച് കേരളത്തിന്റെ കായൽസൗന്ദര്യം പുറംലോകത്തിനു പരിചയപ്പെടുത്തുന്ന ഈ മായിക സംവിധാനം മന്ത്രി സന്ദർശിച്ചത് വിനോദ സഞ്ചാരവകുപ്പ് ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ്. കിയോസ്‌കിലെത്തിയ സന്ദർശകരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ നേരിട്ട് സ്വീകരിച്ച് ഇതിന്റെ സാങ്കേതികത്വം വിവരിച്ചുകൊടുത്തു.

ഹൗസ്‌ബോട്ടിൽ യാത്ര ചെയ്ത് പരിചയമുള്ള തനിക്കു പോലും അത്യത്ഭുതമായ അനുഭവമായിരുന്നുവെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തി. അങ്ങനെയാണെങ്കിൽ കേരളം കാണാത്ത ഒരു വ്യക്തിക്ക് എന്തായിരിക്കും അനുഭവമെന്ന് വിവരിക്കാനാവില്ല. ഇതിലപ്പുറം കേരളത്തെ മറുനാട്ടുകാർക്ക് പരിചയപ്പെടുത്തുന്ന മറ്റൊരു ഉപാധിയില്ല. ഇത് അനുഭവിച്ചവർ യാഥാർഥ്യമെന്തെന്ന് അറിയാൻ കേരളത്തിലെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എംപിമാരായ പി. കരുണാകരൻ, വയലാർ രവി, കെ.സോമപ്രസാദ്, സി പി നാരായണൻ, പി കെ ശ്രീമതി, എം ബി രാജേഷ്, പി കെ ബിജു, ജോസ് കെ മാണി, കെ കെ രാഗേഷ്, കെ സി വേണുഗോപാൽ, ജോയ് ഏബ്രഹാം തുടങ്ങിയവർ കിയോസ്‌ക് സന്ദർശിച്ചു. ഡൽഹിയിൽ കേരളത്തിന്റെ റെസിഡന്റ് കമ്മീഷണർ ഡോ. വിശ്വാസ് മേത്തയടക്കമുള്ള പ്രമുഖരും ഇരുനൂറോളം വിമാനയാത്രക്കാരും വെള്ളിയാഴ്ച ഇവിടെ എത്തിയിരുന്നു. ഡിസംബർ 12 വരെ ഡൽഹിയിൽ പ്രവർത്തിക്കുന്ന കിയോസ്‌ക് തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും.

TAGS: Kerala Tourism |