ഡൽഹി വിമാനത്താവളത്തിൽ ഗ്രേറ്റ് ബാക്ക്‌വാട്ടർ എക്‌സ്പീരിയൻസ് സോൺ

Posted on: November 23, 2016

great-water-experiance-zone

തിരുവനന്തപുരം : കേരളത്തിലെ കായൽയാത്ര ഇനി ഡൽഹി, മുംബൈ, ബംഗലുരു വിമാനത്താവളങ്ങളിലിരുന്നും ആസ്വദിക്കാം. വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ ടെർമിനലുകളിൽ ഗ്രേറ്റ് ബാക്ക്‌വാട്ടർ എക്‌സ്പീരിയൻസ് സോൺ എന്ന വിർച്വൽ റിയാലിറ്റി സംവിധാനമുള്ള സ്റ്റാളുകൾ കേരള ടൂറിസം ഏർപ്പെടുത്തിയതായി കേരള ടൂറിസം ഡയറക്ടർ യു. വി. ജോസ് പറഞ്ഞു. വിമാനയാത്രക്കാർക്ക് കെട്ടുവള്ളത്തിലിരിക്കുന്നതോ, നാടൻ വഞ്ചിയിലെ സഫാരിയുടേതോ ആയ അനുഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ വിർച്വൽ റിയാലിറ്റിയിലൂടെ സാധിക്കുമെന്ന് അദേഹം വിശദീകരിച്ചു.

ബ്രാൻഡ് കേരള പ്രചരിപ്പിക്കാനായി ടൂറിസം വകുപ്പിന്റെ ഔട്ട് ഓഫ് ഹോം ആക്റ്റിവിറ്റിയുടെ ഭാഗമായി തുടങ്ങിയ സംരംഭം ബംഗലൂരു, മുംബൈ വിമാനത്താവളങ്ങളിലും സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ജോസ് പറഞ്ഞു.

സ്റ്റാളിലെത്തുന്ന സന്ദർശകരോട് വിർച്വൽറിയാലിറ്റി അനുഭവത്തിനു ശേഷം #Greatbackwaters എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യാനും ആവശ്യപ്പെടും. ട്വീറ്റുകളിൽനിന്ന് നറുക്കെടുക്കുന്നവയ്ക്ക് സ്റ്റാളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിൽ നിന്ന് വർണാഭമായ പോസ്റ്റ്കാർഡ് ലഭിക്കും. ട്വീറ്റ് ഓഫ് പോസ്റ്റ്കാർഡ്‌സ് ഫ്രം കേരള എന്ന സംവിധാനത്തിലൂടെ 15 മിനിറ്റിലൊരിക്കൽ എന്ന കണക്കിലാണ് കാർഡ് ലഭിക്കുന്നത്. പോസ്റ്റ് കാർഡ് സ്റ്റാളിൽ നിന്നു തന്നെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയയ്ക്കാനുള്ള സംവിധാനവുമുണ്ടെന്ന് ടൂറിസം ഡയറക്ടർ അറിയിച്ചു.

TAGS: Kerala Tourism |