സിഡ്‌നിയിലും മെൽബണിലും കേരള ടൂറിസം റോഡ് ഷോ

Posted on: November 1, 2016

aus-roadshow-2016-b2b-meet

തിരുവനന്തപുരം : ഓസ്‌ട്രേലിയയിൽനിന്നുള്ള കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനായി മെൽബൺ, സിഡ്‌നി എന്നീ നഗരങ്ങളിൽ കേരള ടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു. സംസ്ഥാനത്ത് ടൂറിസം സീസണിന് മുന്നോടിയായാണ് ഓസ്‌ട്രേലിയയിൽ റോഡ് ഷോ നടത്തിയത്.

കേരളത്തിലേക്ക് കഴിഞ്ഞ വർഷം 35,244 സഞ്ചാരികൾ എത്തിയ ഓസ്‌ട്രേലിയയിൽ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന റോഡ് ഷോയിൽ ഓസ്‌ട്രേലിയൻ ടൂറിസം മേഖലയിലെ എഴുപതോളം സംരംഭകർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ എന്നിവർ പങ്കെടുത്തു.

kerala-tourism-aus-roadshow

 

കേരളത്തിലെ കാഴ്ചകളുടെ ഹ്രസ്വരൂപം ആൾക്കാരിലേക്കെത്തിക്കാനും കാണാനിരിക്കുന്ന കാഴ്ചകളിൽ ആവേശം സൃഷ്ടിക്കാനും റോഡ് ഷോയ്ക്കു കഴിഞ്ഞതായി ടൂറിസം ഡയറക്ടർ യു. വി. ജോസ് പറഞ്ഞു. ഒട്ടേറെ വിജയകരമായ ബിസിനസ് മീറ്റിങ്ങുകളും നടന്നു.

ടൂറിസം വിപണന മേഖലയിലെ 12 പ്രമുഖ സംരംഭകരുൾപ്പെട്ട കേരള സംഘത്തെ ടൂറിസം ഡയറക്ടർ യു.വി. ജോസ് ആണു നയിച്ചത്. അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ്, സിജിഎച്ച് എർത്ത്, ചാലുക്യ ഗ്രേസ് ടൂർസ്, ഡിസ്‌കവർ കേരള ഹോളിഡേയ്‌സ്, ഈസ്റ്റെൻഡ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ്, ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, കുമരകം ലേക്ക് റിസോർട്ട്, മാർവൽ ടൂർസ്, പയനിയർ പേഴ്‌സണലൈസ്ഡ് ഹോളിഡേയ്‌സ്, സ്‌പൈസ് റൂട്ട്‌സ് എന്നിവയാണ് കേരള സംഘത്തിലുണ്ടായിരുന്നത്.

റോഡ് ഷോയിൽ മുഖ്യാതിഥികളായെത്തിയ ഇന്ത്യൻ കോൺസുൽ രാകേഷ് മൽഹോത്ര മെൽബണിലും ഡെപ്യൂട്ടി കോൺസുൽ ജനറൽ ഡോ. വിനോദ് ബഹാഡെ സിഡ്‌നിയിലും പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകി.