ലോകത്തെ സവിശേഷമായ 24 പ്രദേശങ്ങളിൽ കേരളവും

Posted on: October 21, 2016

kerala-tourism-nat-geo-scre

തിരുവനന്തപുരം : ലോകത്തെ സവിശേഷമായ 24 പ്രദേശങ്ങളിൽ നാഷണൽ ജ്യോഗ്രാഫിക് മാസിക കേരളത്തെ ഉൾപ്പെടുത്തി. ഇന്ത്യയിൽനിന്നു മാത്രമല്ല, ദക്ഷിണേഷ്യയിൽനിന്നുപോലും കേരളത്തിനുമാത്രമാണ് ഈ ബഹുമതി. ന്യൂയോർക്ക്, പാരീസ്, ടോക്കിയോ തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പമാണ് കേരളത്തെ നാഷണൽ ജ്യോഗ്രാഫിക് തെരഞ്ഞെടുത്തത്.

വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ലോകത്തിലെ സവിശേഷ ഇടങ്ങളെപ്പറ്റി മാസിക പ്രസിദ്ധീകരിച്ച എറൗണ്ട് ദ് വേൾഡ് ഇൻ 24 അവേഴ്‌സ് (24 മണിക്കൂറിലെ ലോകസഞ്ചാരം) എന്ന ട്രാവൽ ഫോട്ടോ ഫീച്ചറിലാണ് കേരളത്തെക്കുറിച്ച് പരാമർശിക്കുന്നത്. ആലപ്പുഴയിൽ എരമല്ലൂരിനുസമീപം വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കാക്കതുരുത്ത് ദ്വീപാണ് കേരളത്തിന് ഈ അതുല്യസ്ഥാനം നേടിക്കൊടുത്തത്. വൈകുന്നേരം ആറു മണിക്ക് കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തെക്കുറിച്ച് അവർ വർണിച്ചിട്ടുണ്ട്.

ആറുമണിയോടെ കാക്കത്തുരുത്തിൽ അസ്തമയത്തിന്റെ ദീപ്തസൗന്ദര്യമാണ് മാസികയെ ആകർഷിച്ചത്. അസ്തമയ ദൃശ്യങ്ങൾക്കൊപ്പം കേരളത്തിലെ സന്ധ്യാവേളകളെപ്പറ്റിയുള്ള ലഘുവിവരണവുമുണ്ട്. കേരളത്തിൽ അസ്തമയ സൂര്യന് അകമ്പടിയായി ഒട്ടേറെ ആചാരങ്ങളുമുണ്ട്. സാരി ധരിച്ച സ്ത്രീകൾ ചെറുവഞ്ചികളിൽ വീടണയുന്നു, മീൻപിടിത്തക്കാർ അഴിമുഖങ്ങളിൽ ചീനവലകൾ കെട്ടുന്നു, വാവലുകൾ ചക്രവാളങ്ങളിലേക്കു പറന്നകലുന്നു. അഭൗമമാണ് ഈ ചാരുത, ഇരുൾ പരക്കുന്നതിനു മുൻപുള്ള ചൈതന്യത്തിന്റെ അന്തിമപ്രശോഭ-നാറ്റ് ജിയോയുടെ സന്ധ്യാവിവരണം ഇങ്ങനെ നീളുന്നു.

അകൃത്രിമവും ചിത്രോപമവുമായ പ്രകൃതിസൗന്ദര്യത്തിലൂടെ ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളുടെ പ്രിയ സങ്കേതമായ കൊച്ചുകേരളത്തെപ്പറ്റി പ്രശസ്തമായ നാറ്റ് ജിയോ മാസിക പരാമർശിക്കുന്നത് വളരെ അഭിമാനം പകരുന്നതാണെന്ന് ടൂറിസം മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലെ ഓരോ ടൂറിസ്റ്റ് സങ്കേതത്തെയും ലോകശ്രദ്ധയിൽ കൊണ്ടുവരാൻ കേരള ടൂറിസം നടത്തുന്ന ശ്രമങ്ങൾക്കു ലഭിച്ച അംഗീകാരമാണിതെന്ന് ടൂറിസം ഡയറക്ടർ ഡോ. വേണു വി. ചൂണ്ടിക്കാട്ടി.

പഴയ കൊച്ചി തുറമുഖത്തിൽനിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കാക്കത്തുരുത്തിലേക്ക് ചെറുവള്ളങ്ങളിലൂടെ മാത്രമേ എത്താൻ കഴിയൂ. വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട ഈ തുരുത്ത് പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. കേരളത്തിലെ ഈ ചെറുദ്വീപ് വിനോദസഞ്ചാരികൾക്കായി ശുപാർശ ചെയ്യപ്പെട്ടുവെന്നത് ആവേശകരമാണെന്നും കേരളത്തിന്റെ തീരങ്ങളിലേക്കെത്താൻ ലോകസഞ്ചാരികൾക്ക് ഇതു പ്രചോദനമാകുമെന്നും ടൂറിസം ഡയറക്ടർ യു.വി. ജോസ് പറഞ്ഞു.

നോർവേയിലെ പ്രശസ്തമായ അറോറ ബോറിയാലിസിൽ (ധ്രുവദീപ്തി) തുടങ്ങുന്ന നാറ്റ് ജിയോയുടെ സചിത്ര പര്യടനം ചില പ്രത്യേക സമയങ്ങളിൽ ചില പ്രത്യേക ഇടങ്ങൾക്കു ലഭിക്കുന്ന അപൂർവചാരുതയെ വിഷയമാക്കിയുള്ളതാണ്. ധ്രുവദീപ്തി കണ്ട് പുലർച്ചെ കൃത്യം പന്ത്രണ്ടിനു തുടങ്ങുന്ന ക്യാമറാസഞ്ചാരം ഹവായി ദ്വീപിൽ രാവിലെ അഞ്ചിനും പാരിസിൽ രാവിലെ ആറിനും മെൽബണിൽ രാവിലെ ഒൻപതിനും നമീബിയയിൽ ഉച്ചയ്ക്കു പന്ത്രണ്ടിനും ചിത്രങ്ങൾ ഒപ്പിയെടുക്കുന്നു. ഏഷ്യയിൽനിന്ന് ചൈന, ടെൽ അവീവ്, അബുദാബി, ടോക്കിയോ എന്നിവയും പട്ടികയിലുണ്ട്.

നിശ്ചിത സമയങ്ങളിൽ കാണേണ്ടതായി നാറ്റ് ജിയോ തെരഞ്ഞെടുത്ത മറ്റു സ്ഥലങ്ങൾ ഇവയാണ്: രാവിലെ 7.00-സാൻഫ്രാൻസിസ്‌കോ, 8.00-അബുദാബി, 10.00-ടാൻസാനിയ, 11.00-അർജന്റീന, 1.00-ചാൾസ്റ്റൺ (അമേരിക്ക), 2.00-പോർട്ട്‌ലാൻഡ് (അമേരിക്ക), 3.00-ന്യൂസിലാൻഡ്, 4.00-ക്രൊയേഷ്യ, 5.00-ടോക്കിയോ, 7.00-ക്യൂബ, 8.00-ന്യൂയോർക്ക്, 9.00-ചൈന, 10.00 ബുഡാപെസ്റ്റ് (ഹംഗറി), 11. 00 മൊണാക്കോ (യൂറോപ്പ്), 12.00-നോർവെ, വെളുപ്പിന് 1.00-വിമാനയാത്ര, 2.00-അറ്റക്കാമ മരുഭൂമി(ചിലി), 3.00-ടെൽ അവീവ് (ഇസ്രയേൽ), 4.00-ഉത്തര അയർലാൻഡ്.