കെടിഎം-2016 ൽ ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ

Posted on: September 30, 2016

ktm-2016-press-meet-big

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ, കേരള ട്രാവൽ മാർട്ടിൽ മൂന്നു ദിനങ്ങളിലായി ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ നടന്നു. മുൻനിശ്ചയപ്രകാരമുള്ളതും അല്ലാത്തതുമായാണ് ഇത്രത്തോളം കൂടിക്കാഴ്ചകൾ ട്രാവൽ മാർട്ടിൽ നടന്നത്. ആദ്യ രണ്ടു ദിവസങ്ങളിൽ അറുപതിനായിരത്തോളം ബിസിനസ് സമ്മേളനങ്ങൾ പൂർത്തിയായി. അവസാന ദിവസം പൊതുജനങ്ങൾക്കു കൂടി പ്രവേശനം അനുവദിച്ചിരുന്നതിനാൽ നാൽപ്പതിനായിരത്തോളം മുൻകൂട്ടി നിശ്ചയിച്ചതല്ലാത്ത ബിസിനസ് കൂടിക്കാഴ്ചകൾക്ക് അവസരമുണ്ടായെന്ന് സാമുദ്രിക കൺവൻഷൻ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ കെടിഎം സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് പറഞ്ഞു.

അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം അധികൃതരെ കൂടാതെ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേ ഉടമകൾ എന്നിവരും കെടിഎമ്മിൽ സജീവപങ്കാളികളായിരുന്നു. സെല്ലർമാർക്ക് നിലവാരവും വാങ്ങൽശേഷിയുമുള്ള ബയർമാരുമായി കൂടിക്കാഴ്ചകൾ നടത്താൻ കഴിഞ്ഞു. ആദ്യമായി എത്തിയവർക്കുപോലും ബിസിനസ് വ്യാപ്തി വർധിപ്പിക്കാനായി. ബയർമാരുടെയും സെല്ലർമാരുടെയും പ്രതികരണം ആവേശമുണർത്തുന്നതായിരുന്നുവെന്നും ഏബ്രഹാം ജോർജ് പറഞ്ഞു.

ആകെ 1380 വിദേശ-തദ്ദേശ പ്രതിനിധികളാണ് കെടിഎം -2016ൽ റജിസ്റ്റർ ചെയ്തിരുന്നത്. ഉത്തരവാദിത്ത ടൂറിസവും മുസിരിസ്-സ്‌പൈസ് റൂട്ടുമായിരുന്നു പ്രമേയങ്ങൾ. പ്രാദേശിക സമൂഹങ്ങൾക്കു കൂടി നേട്ടമുണ്ടാകുന്ന ടൂറിസം വികസനമാണ് കെടിഎമ്മിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹൃദ, ഉത്തരവാദിത്ത ടൂറിസത്തിനായി ഒൻപതിന അജൻഡയും കെടിഎം സ്വീകരിച്ചതായി ഏബ്രഹാം ജോർജ് പറഞ്ഞു.

മാലിന്യ സംസ്‌കരണം, ജൈവക്കൃഷി, മിതമായ ഊർജ ഉപഭോഗം, പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം എന്നിവയാണ് ഒൻപതിന അജൻഡ ലക്ഷ്യമിടുന്നത്. മഴവെള്ളക്കൊയ്ത്ത്, പ്ലാസ്റ്റിക്കിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗം, കൂടുതൽ ഹരിതാഭമായ ചുറ്റുപാടുകൾ എന്നിവയും ലക്ഷ്യങ്ങളാണ്. കേരളത്തിന്റെ തനതു കലയും സംസ്‌കാരവും ഭക്ഷണശൈലികളും പരിചയപ്പെടുത്തുന്നതിനായി ട്രാവൽമാർട്ടിനു ശേഷം പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് പ്രതിനിധികൾക്കായി യാത്രകളും ഒരുക്കിയിരുന്നു.

സമാപന സമ്മേളനത്തിൽ കെടിഎം പ്രസിഡന്റ് ഏബ്രഹാം ജോർജ്, സെക്രട്ടറി ജോസ് മാത്യു, ട്രഷറർ ജോസ് പ്രദീപ്, കെടിഎം മുൻ പ്രസിഡന്റ് ജോസ് ഡൊമിനിക്, റിയാസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.