സ്‌പൈസ് റൂട്ട് പാചക മേളയിൽ താരമായി രാമശ്ശേരി ഇഡ്ഡലി

Posted on: September 26, 2016

ramassery-iddali-big

കൊച്ചി : തനതു ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തേടി വിവിധ രാജ്യങ്ങളിലെ ഷെഫുമാർ കൊച്ചിയിൽ മത്സരിച്ചപ്പോൾ പാലക്കാട്ടെ പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലിക്ക് ആരാധകരേറെ. കൊച്ചിയിൽ കേരളം ടൂറിസം സംഘടിപ്പിച്ച സ്‌പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മേളയിലേക്ക് ആ പ്രശസ്തിയെ കൊണ്ടുവന്നത് രാമശ്ശേരി സ്വദേശിയായ മഹേഷ് കുട്ടി.

കേരളത്തിനുള്ളിലെ പ്രൊഫഷണൽ ഷെഫുകൾക്കായുള്ള മത്സരത്തിലാണ് മഹേഷ് പങ്കെടുത്തത്. ഫ്യൂഷൻ പാചകത്തിലൊന്നും താത്്പര്യമില്ലാത്ത മഹേഷ് വിശ്വസിക്കുന്നത് രുചികളെല്ലാം അതിന്റെ തനതു രീതിയിൽ കലർന്നു ചേരുന്നതിലാണ് വിഭവത്തിന്റെ മികവിലാണ്. പാലക്കാട് നഗരത്തിനു സമീപമുള്ള രാമശ്ശേരി ഗ്രാമത്തിൽത്തന്നെ തനതു ഇഡ്ഡലി കിട്ടുന്ന സ്ഥലങ്ങൾ വളരെ കുറവാണ്. ഇഡ്ഡലിമാവ് ദോശയുടെ വലുപ്പത്തിൽ തട്ടിലൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് രാമശ്ശേരി ഇഡ്ഡലി.

പ്രത്യേകം തയ്യാറാക്കിയ പാത്രത്തിലാണ് മഹേഷ് കുട്ടി രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത്. മൺപാത്രം ഇഡ്ഡലിയുടെ വലുപ്പത്തിനനുസരിച്ച് മുറിച്ചെടുത്താണ് തട്ട് ഉണ്ടാക്കുന്നത്. ഇതു മാത്രമല്ല മഹേഷിന്റെ പ്രത്യേകത. പാലക്കാടൻ രീതിയിൽ തേങ്ങയരച്ച സാമ്പാർ, നാടൻ കോഴിക്കറി, വെജിറ്റബിൾ കറി എന്നിവയാണ് അദ്ദേഹം ഒരുക്കിയ വിഭവങ്ങൾ.

ramassery-iddali-shop-big

രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യം ചോദിച്ചു വരുന്നവരോട് അദ്ദേഹത്തിന് പറയാൻ കാര്യമായൊന്നുമില്ല. ഉഴുന്നും അരിയ്ക്കുമൊപ്പം ആവണക്കിന്റെ കുരു കൂടിയിട്ടാണ് ഇഡ്ഡലി തയ്യാർ ചെയ്യുന്നത്. അതിന്റെ പാകമറിയുകയെന്നതാണ് ഏറ്റവും പ്രാധാന്യം. പക്ഷേ ഇതറിയാവുന്നവർ കുറഞ്ഞു വരികയാണെന്നും മഹേഷ് പറഞ്ഞു. വിഭവങ്ങൾ ഒരുക്കി വച്ചതിലും മഹേഷ് വേറിട്ടു നിന്നു. പാലക്കാട്ടെ പാടങ്ങളിലേക്ക് ഭക്ഷണത്തെ കൊണ്ടു പോകുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. വിഭവങ്ങളിലെ നാടൻ രുചി വേറിട്ടു നിന്നുവെന്ന് വിധികർത്താക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു.

തനി നാടൻ രീതിയിലുള്ള അദ്ദേഹത്തിന്റെ സംസാരവും പാചകരീതിയും നിരവധി സന്ദർശകരെയാണ് ആകർഷിച്ചത്. കറിവേപ്പിലയും വറ്റൽമുളകും താളിക്കുന്നതെല്ലാം കൈ കൊണ്ടു തന്നെയാണ്. അടുക്കളയിലെ പരിചയ സമ്പന്നത പുസ്തകത്തിലെ പാചകത്തെക്കാൾ ശ്രേഷ്ഠമാണെന്ന് തെളിയിക്കുകയാണ് മഹേഷ് കുട്ടി.