കേരള ട്രാവൽ മാർട്ട് ഉദ്ഘാടനം 27 ന്

Posted on: September 8, 2016

ktm-2016-tvm-press-meet-big

തിരുവനന്തപുരം : കേരള ടൂറിസത്തിന് കേരള ട്രാവൽ മാർട്ടിലൂടെ കൂടുതൽ വരുമാന വർധന നേടാൻ കഴിയുമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മുഖ്യപ്രമേയമാകുന്നുവെന്നതാണ് ഇത്തവണ ട്രാവൽ മാർട്ടിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നതെന്ന് കേരള ട്രാവൽ മാർട്ടിന്റെ ഒൻപതാം പതിപ്പിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 27 ന് കൊച്ചി ലെ മെറഡിയൻ ഹോട്ടലിൽ ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 28 മുതൽ 30 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സമുദ്രിക, സാഗര കൺവെൻഷൻ സെന്ററിലാണ് കേരള ട്രാവൽ മാർട്ടിന്റെ ഔദ്യോഗിക പരിപാടികൾ. 57 വിദേശരാജ്യങ്ങളിൽ നിന്ന് കേരള ട്രാവൽ മാർട്ടിൽ പങ്കാളിത്തമുണ്ടാകുമെന്ന് മൊയ്തീൻ അറിയിച്ചു. അതിൽ പത്ത് രാജ്യങ്ങൾ ആദ്യമായാണ് കെടിഎമ്മിന് എത്തുന്നത്. ഉത്തരവാദിത്ത ടൂറിസത്തിനു പുറമേ കേരളത്തിന്റെ പുതിയ ടൂറിസം പദ്ധതിയായ മുസിരിസ് സ്‌പൈസ് റൂട്ടും ട്രാവൽ മാർട്ടിന് ഊർജം പകരുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ-സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തിന്റെ വിജയമാണ് കേരള ട്രാവൽ മാർട്ട് എന്നു ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. ടൂറിസം ഡയറക്ടർ യു.വി.ജോസ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ്, കെ ടി എം മുൻ പ്രസിഡന്റ് ഇ.എം.നജീബ്, കെടിഎം സെക്രട്ടറി ജോസ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.