കൊച്ചി ബിനാലെയ്ക്ക് ഇനി നൂറു നാൾ

Posted on: September 2, 2016

Kochi-Biennale-countdown-Bi

 

കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം ലക്കത്തിന് ഇനി നൂറു നാൾ. ഡിസംബർ 12 ാം തീയതിയാണ് 108 ദിവസം നീണ്ടു നിൽക്കുന്ന ബിനാലെയ്ക്ക് തുടക്കമാകുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ ബിനാലെയാണിത്. ബിനാലെയുടെ പ്രമേയവും അതിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെയും വിശദാംശങ്ങൾ ഈ മാസം ഫൗണ്ടേഷൻ പുറത്തു വിടും. പ്രശസ്ത ആർട്ടിസ്റ്റായ സുദർശൻ ഷെട്ടിയാണ് കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റർ.

പ്രശസ്ത ആർട്ടിസ്റ്റുകളായ റിയാസ് ്‌കോമു, ബോസ് കൃഷ്ണമാചാരി എന്നിവർ ചേർന്ന് 2010 ലാണ് കൊച്ചി മുസിരിസ് ബിനാലെ എന്ന ആശയം സാക്ഷാത്കരിക്കുന്നത്. തുടക്കം മുതൽ തന്നെ കലാപരമായ ഇടപെടലുകൾക്കും ചർച്ചകൾക്കും ആശയ സംഹിതകൾക്കുമുള്ള ഉറവിട കേന്ദ്രമായാണ് ബിനാലെ പ്രവർത്തിച്ചു പോരുന്നത്. 2010 ലും 2014 ലും നടന്ന ബിനാലെകൾ പത്തുലക്ഷത്തോളം സന്ദർശകരെ ആകർഷിച്ചിരുന്നു. ഇക്കുറിയും മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയുടെ ചരിത്രവും ബഹിർസ്ഫുരതയുമൊക്കെയാണ് ബിനാലെയുടെ മുഖമുദ്ര. നഗരത്തിലും കായൽ തീരത്തുമായുള്ള അഞ്ച് ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ബിനാലെയ്ക്കായി ഉപയോഗിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസായിരിക്കും ഇത്തവണയും പ്രധാന വേദി. ഓഫീസ്, ഗോഡൗൺ, പാർപ്പിടം എന്നിങ്ങനെ വിവിധ കെട്ടിടങ്ങൾ ഉൾപ്പെടുന്ന സമുച്ചയമാണ് ആസ്പിൻവാൾ. ഗുജ്‌റാൾ ഫൗണ്ടേഷനും ഡിഎൽഎഫും സംയുക്തമായാണ് ഈ സമുച്ചയം കൊച്ചി ബിനാലെയ്ക്ക് നൽകിയിരിക്കുന്നത്.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ എറണാകുളത്തെ ഡർബാർഹാൾ, ഫോർട്ട് കൊച്ചിയിലെ നവീകരിച്ച ഡച്ച് ബംഗ്ലാവ്, ഡച്ച് മാതൃകയിൽ നിർമ്മിച്ച പെപ്പർ ഹൗസ് എന്നിവയാണ് മറ്റ് വേദികൾ. ചരിത്രമുറങ്ങുന്ന ഈ വേദികളെല്ലാം പൊതുജനങ്ങൾക്ക് ബിനാലെ കാലയളവിൽ സന്ദർശിക്കാൻ സാധിക്കും.