ടൂറിസം കേന്ദ്രങ്ങളെ ആകർഷകമാക്കാൻ ഗ്രീൻ കാർപറ്റ്

Posted on: September 2, 2016

Green-Carpet-Launch-tvm-Big

 

തിരുവനന്തപുരം : ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉന്നതനിലവാരത്തിലേക്കുയർത്തുന്നതിനും സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻ കാർപറ്റ് പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാസ്‌കറ്റ് ഹോട്ടലിൽ ടൂറിസം മന്ത്രി എ. സി. മൊയ്തീൻ നിർവഹിച്ചു. ടൂറിസം നാടിന്റെ സംസ്‌കാരമായി മാറിയാലേ ടൂറിസം വികസനം സാധ്യമാകൂ എന്നു മന്ത്രി പറഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയുമാണ് ടൂറിസം കേന്ദ്രങ്ങളെ വികസനത്തിലേക്കു നയിക്കേണ്ടത്. പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തുകയും നിലവിലുള്ളവ വികസിപ്പിക്കുകയും വേണം. ടൂറിസം കേന്ദ്രങ്ങളുടെ വൃത്തിയും മലയാളിയുടെ മനസിന്റെ വൃത്തിയും ഒരുമിച്ചു ചേർന്നാലേ അതിഥികളെ നന്നായി സ്വീകരിക്കാനാവൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെ. മുരളീധരൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ച. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടർ യു. വി. ജോസ്, ശുചിത്വ മിഷൻ ഡയറക്ടർ കെ. വാസുകി, കിറ്റ്‌സ് ഡയറക്ടർ രാജശ്രീ അജിത്, കൗൺസിലർ പാളയം രാജൻ, കുടുംബശ്രീ മിഷൻ പ്രോഗ്രാം ഓഫിസർ ബിനു ഫ്രാൻസിസ്, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ. എം. നജീബ്, കെ.ടി.എം. സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ്, നാഷനൽ സർവീസ് സ്‌കീം സംസ്ഥാന കോ ഓർഡിനേറ്റർ അബ്ദുൽ ജബാർ അഹമ്മദ്, ടൂറിസം അഡീഷനൽ ഡയറക്ടർ ബാലമുരളി എന്നിവർ പ്രസംഗിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും മറ്റു സംവിധാനങ്ങളൊരുക്കുന്നതിനും പത്തിന കാര്യപരിപാടി തയാറാക്കിയിട്ടുണ്ട്. ടൂറിസം സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള എൻഎസ്എസ് ടെക്‌നിക്കൽ സെൽ, ശുചിത്വ മിഷൻ, കുടുംബശ്രീ, സർക്കാരിത സന്നദ്ധ സംഘടനകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ഗ്രീൻ കാർപറ്റ് നടപ്പിലാക്കുന്നത്. ടൂറിസം കേന്ദ്രങ്ങൾക്ക് മെച്ചപ്പെട്ട, സുസ്ഥിര പ്രവർത്തന സംവിധാനം ആവിഷ്‌കരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പദ്ധതിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർമസേനകളെ നിയോഗിക്കും. മോണിറ്ററിങ് സെല്ലും രൂപീകരിക്കും. അടിസ്ഥാന പ്രശ്‌നങ്ങളായ മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷാക്രമീകരണങ്ങൾ, സുസ്ഥിരത എന്നിവയ്ക്കാണ് പ്രവർത്തന മാർഗരേഖയിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. ടൂറിസം സീസണിനു തുടക്കമാകുന്ന നവംബർ ഒന്നിനു മുൻപ് ഇവ ഉറപ്പാക്കാനാണ് ഗ്രീൻ കാർപ്പറ്റിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിപ്രകാരം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ശുചിത്വമുള്ള അന്തരീക്ഷവും ഖരമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ശാസ്ത്രീയ സംവിധാനവും, മികച്ച ശുചിമുറി സംവിധാനങ്ങൾ, മെച്ചപ്പെട്ട യാത്രാസൗകര്യം, ശരിയായ പ്രകാശ സംവിധാനം, നല്ല നടപ്പാതകൾ, ദിശാസൂചികൾ, സഞ്ചാരികൾക്കുള്ള മറ്റു സൗകര്യങ്ങൾ, അവശ്യ സാധനങ്ങളുടെ ലഭ്യത, പൂർണമായ ശുദ്ധജല ലഭ്യത, ഭക്ഷണസംവിധാനം, ഹരിത രീതികളിലേക്കുള്ള മാറ്റം. കാർബൺ നിഷ്പക്ഷതയിലേക്കുള്ള ചുവടുവയ്പ്പ്, ആകസ്മിക സാഹചര്യങ്ങൾ നേരിടാൻ പര്യാപ്തമായ സുരക്ഷാക്രമീകരണങ്ങൾ, ആധികാരികമായ വിവരലഭ്യത, പരാതി പരിഹാര സംവിധാനം, മികച്ച പരിശീലനം സിദ്ധിച്ച, ഉത്തരവാദിത്തമുള്ള ജീവനക്കാർ, വോളന്റിയർമാർ, സേവനദാതാക്കൾ. ഇവർക്ക് പേരു പതിച്ച ബാഡ്ജ് എന്നിവ ഉറപ്പാക്കും.