ഡെസ്റ്റിനേഷൻ പ്രമോഷൻ : കേരള ടൂറിസം ഗോ എയർ ധാരണ

Posted on: August 28, 2014

Kerala-Tourism--GO-Air-MoU-

കേരളത്തിലേക്കു ആഭ്യന്തരവിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരളാ ടൂറിസവും ഗോ എയറും തമ്മിൽ ധാരണ. ഡെസ്റ്റിനേഷൻ പ്രമോഷന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ കൂടുതൽ വിനോദസഞ്ചാരികൾ കേരളത്തിൽ എത്തിച്ചേരാനുള്ള വഴിതെളിയും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരളാ ടൂറിസം ഡയറക് ടർ പി.ഐ. ഷെയ്ക് പരീതും ഗോ എയർ വൈസ്പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) മനോജ് ധർമാണിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ടൂറിസം മന്ത്രി എ.പി. അനിൽകുമാർ, സെക്രട്ടറി സുമൻ ബില്ല, ഗോ എയർ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി നവീൻ സോണി, റീജണൽ മാനേജർ ഗൗരവ് പട്വാരി, മാർക്കറ്റിംഗ് ജനറൽമാനേജർ ഹേമേഷ് ഷേണായി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേരളാ ടൂറിസം അംഗീകരിച്ചിട്ടുള്ള ടൂർ ഓപറേറ്റർമാർ വഴി അവധിക്കാല പാക്കേജ് ബുക്ക് ചെയ്യുന്നവർക്കു മാത്രമാണ് സെപ്റ്റംബർ മുതൽ കിഴിവ് ലഭിക്കുക. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ജയപൂർ, നാഗ്പൂർ തുടങ്ങിയ എട്ടു നഗരങ്ങളിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ഗോ എയർ സർവീസുകളിൽ മാത്രമാണ് പ്രത്യേക ആനുകൂല്യം അനുവദിക്കുന്നത്.രണ്ടു വർഷത്തെ ധാരണയുടെ ഭാഗമായി കേരളത്തിലേക്കുള്ള ഫ്‌ലൈറ്റുകളിൽ നിശ്ചിത എണ്ണം സീറ്റുകൾ വിനോദസഞ്ചാരികൾക്കായി ഗോ എയർ നീക്കിവയ്ക്കും.