ദുബായ് ടാക്‌സി ക്യാബുകളിൽ പ്രചാരണവുമായി കേരള ടൂറിസം

Posted on: August 9, 2016

Kerala-branded-Dubai-taxi-B

തിരുവനന്തപുരം : അറബ് യാത്രികരെ ലക്ഷ്യമിട്ട് കേരള ടൂറിസം ദുബായിലെ ടാക്‌സി ക്യാബുകളിൽ സചിത്ര പരസ്യ പ്രചാരണം തുടങ്ങി. കേരളത്തിന്റെ മലയോരങ്ങളും കായലുകളും വെള്ളച്ചാട്ടങ്ങളും ആയുർവേദ ചികിത്സാരീതികളും അടക്കമുള്ള ദൃശ്യങ്ങൾക്കൊപ്പം നാലുമണിക്കൂറിൽ ഒരു സ്വപ്നദേശം (A Faraway Land Four Hours Away) എന്ന സന്ദേശം വഹിക്കുന്ന ഇരുനൂറോളം കേരള-ബ്രാൻഡ് ടാക്‌സികളാണ് ദുബായ് തെരുവുകളിൽ ഇറങ്ങുന്നത്. അറബ് വേനലിന്റെ കാഠിന്യത്തിനിടെ സന്ദർശിക്കുന്നതിനായി കേരളത്തിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതുമായ പരസ്യങ്ങളാണ് ക്യാബുകളിലുമായുള്ളത്. ലണ്ടനിലെ ടാക്‌സി ക്യാബുകളിലും മുംബൈ മെട്രൊയിലും മുൻപ് നടത്തിയ വിജയകരമായ ബ്രാൻഡിംഗ് ശ്രമങ്ങളുടെ തുടർച്ചയായുള്ള പ്രചരണം ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കും.

കഴിഞ്ഞവർഷം ഒരുലക്ഷത്തിൽപ്പരം അറബി സഞ്ചാരികളെ കേരളത്തിന് ലഭിച്ചിരുന്നു. യുഎഇയിൽ നിന്ന് മാത്രമായി സംസ്ഥാനത്തിന് 20,506 സന്ദർശകരെ ലഭിച്ചു. 51,149 സന്ദർശകരുമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒമാനിൽനിന്ന് 18,762 വിനോദസഞ്ചാരികളും കേരളത്തിലെത്തിയിരുന്നു.

അനുകൂല കാലാവസ്ഥയ്ക്ക് പുറമേ, താരതമ്യേനയുള്ള സാമീപ്യവും കേരളത്തെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ചുള്ള വ്യോമഗതാഗതവും യാത്രികരെ ആകർഷിക്കുന്നത് എളുപ്പമാക്കുമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു.

കേരളത്തിലെ കാലവർഷവും ഗൾഫ് രാജ്യങ്ങളിലെ അവധിക്കാലവും ഒരേസമയംവരുന്നതിനാൽ ചൂട് ഒഴിവാക്കി തണുത്ത കാലാവസ്ഥയും ഹരിതഭംഗിയും തേടുന്ന യാത്രക്കാരുടെ വരവിൽ കേരളത്തിന് സാധ്യത ഏറെയുണ്ടെന്ന് കേരള ടൂറിസം ഡയറക്ടർ യു. വി. ജോസ് പറഞ്ഞു.

TAGS: Kerala Tourism |