കൊച്ചിയിൽ അന്താരാഷ്ട്ര പാചക മത്സരം

Posted on: June 30, 2016

Johny-Abraham-George-big

കൊച്ചി : കേരള ട്രാവൽ മാർട്ടിന് മുന്നോടിയായി സ്‌പൈസ് റൂട്ട് ശൃംഖലയിൽ പെട്ട 31 രാജ്യങ്ങളിലെ പാചക വിദഗ്ധർ പങ്കെടുക്കുന്ന പാചക മത്സരം കൊച്ചിയിൽ നടത്തും. യുനൈസ്‌കോ, കേന്ദ്ര ടൂറിസം വകുപ്പ്, കേരള ടൂറിസം എന്നിവ സംയുക്തമായാണ് പാചക മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 23 മുതൽ 26 വരെയാണ് ഈ മത്സരങ്ങൾ. കേരള ട്രാവൽ മാർട്ട് വേദിയിൽ വിജയികൾക്ക് പുരസ്‌കാരം നൽകും.

ഈ വർഷത്തെ കേരള ട്രാവൽമാർട്ടിന്റെ പ്രമേയമായ മുസിരിസും സ്‌പൈസ്‌റൂട്ടും എന്നതിന് ഇതിലും മെച്ചമായ പ്രചോദനം ലഭിക്കാനില്ലെന്ന് ട്രാവൽമാർട്ട് സൊസൈററി പ്രസിഡന്റ് അബ്രഹാം ജോർജ് പറഞ്ഞു. ഭക്ഷണപ്രേമികൾക്ക് ഇതൊരു മികച്ച അവസരമായിരിക്കും. മത്സരത്തിൽ വിധികർത്താക്കളായി എത്തുന്നുതും അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഷെഫുകൾ അടങ്ങിയ സമിതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളെ അടിസ്ഥാനമാക്കിയാകും മത്സരത്തിലെ പ്രധാന ഭാഗം. ഇതുകൂടാതെ പാചകത്തിലെ വിവിധ ചർച്ചകൾ, അവരവരുടെ തനതുവിഭവങ്ങളുടെ പാചകവും പ്രദർശനവുമെല്ലാം അന്താരാഷ്ട്ര പാചക മേളയോടനുബന്ധിച്ചുണ്ടാകും. 31 രാജ്യങ്ങളിലെ അംബാസഡർമാരും പരിപാടിയിൽ പങ്കെടുക്കും. സംസ്ഥാന സർക്കാർ പരിപാടിയ്ക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അബ്രഹാം ജോർജ്ജ് പറഞ്ഞു.