കേരള ട്രാവൽമാർട്ടിൽ സെല്ലേഴ്‌സിന് മാനേജ്‌മെന്റ് പരിശീലനം

Posted on: May 27, 2016

Johny-Abraham-George-big

കൊച്ചി : സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന കേരള ട്രാവൽമാർട്ടിൽ പങ്കെടുക്കുന്ന സെല്ലർമാർക്ക് മാനേജ്മന്റ് പരിശീലനം നൽകും. വിദേശ ബയർമാരുമായുള്ള ആശയവിനിമയത്തിന്റെ നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ വേണ്ടിയാണ് ട്രാവൽമാർട്ട് സംഘാടകർ ഇത്തരമൊരു പദ്ധതി തയാറാക്കിയിരിക്കുന്നത്. രജിസ്റ്റർചെയ്ത സെല്ലർമാർക്ക് പരിശീലനം സൗജന്യ പരിശീലനമാണ് നൽകുന്നത്.

വിൽപന മികവ്, ഉപഭോക്താവിനോടുളള പെരുമാറ്റം, സംരംഭകത്വം, വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനം എന്നിവയ്ക്കായുള്ള ഹ്രസ്വകാല കോഴ്‌സുകളാണ് നടപ്പാക്കുന്നത്. ഉത്തരവാദിത്ത ടൂറിസം; മുസിരിസ് ആൻഡ് സ്‌പൈസ്‌റൂട്ട് എന്നതാണ് ട്രാവൽമാർട്ടിന്റെ ഒമ്പതാമത് ലക്കത്തിന്റെ പ്രമേയം. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 1500 ലധികം ബയർമാരെ ട്രാവൽ മാർട്ട് പ്രതീക്ഷിക്കുന്നുണ്ട്.

അന്താരാഷ്ട്രതലത്തിൽ നടക്കുന്ന മേളയായതിനാൽ ട്രാവൽ മാർട്ടിൽ വരുന്ന അതിഥികളുമായി അതേ നിലവാരത്തിൽ തന്നെ ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ്ജ് ചൂണ്ടിക്കാട്ടി. വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണ് പരിശീലന പരിപാടി. കോവളം, എറണാകുളം, മുന്നാർ, തേക്കടി, വയനാട് എന്നീ വിനോദ സഞ്ചാരമേഖലകളെ കേന്ദ്രീകരിച്ചാകും പരിശീലന പരിപാടി. കേരള ട്രാവൽ മാർട്ട് തുടങ്ങുന്നതിനു മുമ്പ് തന്നെ പരിശീലന പരിപാടി പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.