കേരള ട്രാവൽമാർട്ട് സെപ്റ്റംബറിൽ കൊച്ചിയിൽ

Posted on: March 8, 2016

Johny-Abraham-George-big

കൊച്ചി : കേരള ട്രാവൽമാർട്ട് സെപ്റ്റംബർ 28 മുതൽ 30 വരെ കൊച്ചിയിൽ നടക്കും. മുസിരിസ്‌ പൈതൃക  പദ്ധതിയും ഉത്തരവാദിത്ത ടൂറിസവുമായിരിക്കും കേരള ട്രാവൽമാർട്ടിന്റെ മുഖ്യപ്രമേയം. കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സമുദ്രിക, സാഗര കൺവെൻഷൻ സെന്ററിലാണ് മേള. പുതിയ അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലകൾ തേടുന്നതിന് കേരള ടൂറിസത്തിന് ഏറെ സഹായകരമാകുന്നതാണ് കേരള ട്രാവൽമാർട്ട്.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് നടക്കുന്ന ട്രാവൽമാർട്ടിൽ ഉത്തരവാദിത്ത ടൂറിസമെന്നത് പ്രമേയമാക്കുമെന്ന് ട്രാവൽമാർട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് പറഞ്ഞു. പുതിയവിനോദ സഞ്ചാര സാധ്യതകൾ കണ്ടെത്തുന്നതിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ-ആഭ്യന്തര വിഭാഗങ്ങളിലായി 265 സ്റ്റാളുകളാണ് ട്രാവൽമാർട്ടിൽ ഒരുക്കിയിട്ടുളളത്. ബയേഴ്‌സ് രജിസ്‌ട്രേഷൻ ജൂലായ് 29 വരെയുണ്ടാകും. സെല്ലേഴ്‌സും ബയേഴ്സുമായി മെച്ചപ്പെട്ട ആശയവിനിമയത്തിനുളള അവസരമൊരുക്കുമെന്ന് ഏബ്രഹാം ജോർജ് പറഞ്ഞു. ബിസിനസ്ടു ബിസിനസ്മീറ്റിനുളള അവസരവുമുണ്ടാവും.

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട  എല്ലാവിഭാഗങ്ങൾക്കും കേരള ട്രാവൽമാർട്ടിൽ പ്രാതിനിധ്യമുണ്ടാകും. ടൂർഓപറേറ്റർമാർ, ഹോട്ടൽ, റിസോർട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയുർവേദ റിസോർട്ട്, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയെയെല്ലാം  ഒരുകുടക്കീഴിൽ അണിനിരത്തുകയെന്ന ദൗത്യമാണ് ട്രാവൽമാർട്ടിനുളളത്.

വിവാഹം, മധുവിധു തുടങ്ങിയവയെ കേന്ദ്രീകരിച്ചുകൊണ്ടുളള പദ്ധതികൾക്ക് ഏറെ ഡിമാൻഡാണ് കേരളത്തിലുളളത്. ആയുർവേദ  ടൂറിസത്തെക്കൂടി ഇതിലുൾപ്പെടുത്തിയാൽ സംസ്ഥാനത്തിന് ടൂറിസത്തിൽനിന്ന് ലഭിക്കുന്ന വാർഷിക വരുമാനം 5000 കോടി രൂപ കവിയുമെന്നാണ് കണക്കുകൂട്ടൽ.

2014 ൽ നടന്ന കേരള ട്രാവൽമാർട്ടിൽ ആയിരത്തിലേറെ ബയർമാരാണ് പങ്കെടുത്തത്. അമേരിക്കയിൽനിന്നുളള വിനോദ സഞ്ചാരികളുടെ എണ്ണം അടുത്ത രണ്ട് വർഷത്തിനുളളിൽ കൂട്ടുകയെന്നതാണ് നമ്മുടെ ലക്ഷ്യം. മുൻവർഷങ്ങളിൽ ആഭ്യന്തര-വിദേശ ടൂർഓപറേറ്റർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഏബ്രഹാം ജോർജ് ചൂണ്ടിക്കാട്ടി.