നാച്ചുറ ആയുഷ് 22 ന് തുറക്കും

Posted on: January 20, 2016

Nautra-Ayush-Press-meet-Big

കൊച്ചി : നാച്ചുറ ബയോസയൻസ് ആയുർവേദിക്‌സിന്റെ ഉടമസ്ഥതയിൽ പാലാരിവട്ടം പി. ജെ. ആന്റണി റോഡിൽ തുറക്കുന്ന നാച്ചുറ ആയുഷ് ആശുപത്രി ആരംഭിക്കുന്നു. ആശുപത്രിയുടെ ഉദ്ഘാടനം ജനുവരി 22 ന് രാവിലെ 8.45 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാസൗഖ്യരീതികളാണ് നാച്ചുറ വാഗ്ദാനം ചെയ്യുന്നത്.

ലോകമൊട്ടാകെയുള്ള ആളുകൾ അംഗീകരിക്കുന്ന കോംപ്ലിമെന്ററി/ ആൾട്ടർനേറ്റീവ് മെഡിസിൻ, ക്ലാസിക്കൽ പ്രൊപ്രൈറ്ററി മെഡിസിൻ എന്നിവയിൽ ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപരിരക്ഷാസ്ഥാപനമാണ് നാച്ചുറ ബയോസയൻസ് ആയുർവേദിക്‌സ്. രോഗസൗഖ്യത്തിനുള്ള ഉത്പന്നങ്ങളിലും, സസ്യങ്ങളുടെ സത്തിൽ ഊന്നിയ ആഴത്തിലുള്ള പഠനത്തിലും, ഗവേഷണങ്ങളിലുമാണ് നാച്ചുറ കൂടുതൽ ശ്രദ്ധിക്കുന്നത്.

ആയുർവേദ ചികിൽസയിലെ കായചികിൽസ, വന്ധ്യത, സ്ത്രീരോഗം, പഞ്ചകർമ, യോഗ, ഓസോൺ തെറാപ്പി, പോഷക മരുന്നുകൾ തുടങ്ങിയവയും ആയുഷ് വിഭാഗത്തിലെ മറ്റ് ചികിത്സാ സമ്പ്രദായങ്ങൾക്കൊപ്പം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ശീതീകരിച്ചതും അല്ലാത്തതുമായ മുറികൾ, വൈഫൈ സൗകര്യം, ലോൺട്രി സേവനം, കഫറ്റീരിയ, ഓർഗാനിക് ഷോപ്പ്, യോഗ ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സാരംഗത്തെ വിവിധ ധാരകളിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാരാണ് നാച്ചുറ ആയുഷ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നത്.

നാച്ചുറ ബയോസയൻസ് ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ ജോസഫ് വട്ടക്കുന്നേലാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. യഥാർഥ ആയുർവേദത്തെ സംരക്ഷിക്കുന്നതിലും ഒട്ടേറെ നൂതന ആയുർവേദ ഉത്പന്നങ്ങളും രീതികളും സങ്കേതങ്ങളും സൃഷ്ടിക്കുന്നതിലും കേരളമാണ് മുന്നിലെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക രോഗനിർണയ രീതികളെയും പുരാതന പരമ്പരാഗത ചികിത്സാ രീതികളേയും സമന്വയിപ്പിച്ചുള്ള പ്രവർത്തനമാണ് ഇവിടെ ലഭ്യമാക്കുകയെന്നും ജോസഫ് വട്ടക്കുന്നേൽ കൂട്ടിച്ചേർത്തു.

കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ രാജേഷ് ശർമ്മയാണ് ആശുപത്രിയുടെ ചുമതല വഹിക്കുന്നത്. നാച്ചുറ ആയുഷ് ആശുപത്രിയിലൂടെ ആയുർവേദത്തിലെ പരമ്പരാഗത രീതികളാണ് തങ്ങൾ പകർന്നു നൽകുന്നതെന്ന് രാജേഷ് ശർമ്മ അടിവരയിട്ടു പറഞ്ഞു.

ശാസ്ത്രീയരീതിയിൽ പ്രയോഗിക്കപ്പെട്ടിരുന്ന അഷ്ടവൈദ്യ പാരമ്പര്യത്തിന്റെ മഹത്തായ പൈതൃകം കേരളത്തിനുണ്ടെന്നും അതാണ് തങ്ങൾ പിന്തുടരുന്നതെന്നും, ലോകനിലവാരത്തിലുള്ള ആരോഗ്യപരിരക്ഷയും, ചികിത്സയും ഉറപ്പാക്കുന്നതിൽ നാച്ചുറ ആയുഷ് ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധരാണെന്നും ആശുപത്രിയുടെ വൈസ് പ്രസിഡന്റായ ഡോ. ജോയ് വർഗീസ് ചൂണ്ടിക്കാട്ടി.

TAGS: Natura Ayush |