ഇന്റർസൈറ്റ് ഡംബാൾ ഇന്ത്യൻ പര്യടനത്തിൽ പങ്കാളി

Posted on: January 13, 2016

Dumbal-Car-Rally-Big-a

കൊച്ചി : ഫാൻസി ഡ്രസ് ഫെസ്റ്റിവൽ ഓൺ വീൽസ് എന്ന പേരിൽ ലോകശ്രദ്ധയാകർഷിച്ച ഡംബാൾ ഇന്ത്യൻ പര്യടനത്തിൽ പ്രമുഖ ടൂർ ഓപ്പറേറ്ററായ ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽ പങ്കാളികളാവുന്നു. ഡംബാൾ ഇറ്റ്‌സ് എ ഗോവ എന്ന ഇന്ത്യൻ പര്യടനത്തിൽ ചെന്നൈ മുതൽ ഗോവ വരെയാണ് വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര. ഏഴ് ദിവസമാണ് സംഘം കേരളത്തിൽ ഉണ്ടാവുക. ടീനേജ് കാൻസർ ട്രസ്റ്റിന്റെ പ്രചാരണവും കാൻസർ ബോധവത്കരണവുമാണ് കാർ റാലിയിലൂടെ സംഘം ലക്ഷ്യമിടുന്നത്.

ഡംബാൾ 2007 ലാണ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ യുവ ബിസിനസ് തലവന്മാരും പ്രമുഖരും ഒക്കെയാണ് സംഘാംഗങ്ങൾ. കാർ റാലി പോലെ പ്രത്യേകം അലങ്കരിച്ച വാഹനങ്ങളിൽ കോൺവോയി ആയാകും സംഘങ്ങൾ പര്യടനം നടത്തുക. ഡംബാൾ സംഘത്തിന്റെ ഇന്ത്യൻ പര്യടനത്തിൽ 41 അംബാസഡർ കാറുകളാണ് പങ്കെടുക്കുന്നത്. 150 അംഗങ്ങളാണ് ഇന്ത്യൻ പര്യടനത്തിൽ പങ്കെടുക്കുന്നത്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ കാർ റാലി കൂടിയാണിത്.

ജനുവരി 10 മുതൽ 16 വരെയാണ് ഇന്ത്യയിലെ പര്യടനം. 10 ന് ചെന്നൈയിൽ നിന്ന് തിരിച്ച സംഘം 11 ന് തിരുവനന്തപുരത്തെത്തി. തുടർന്ന് കോവളം, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കൊച്ചിയിലെത്തി. ഇവിടെ നിന്ന് ആതിരപ്പള്ളിയിലേക്ക് തിരിച്ച സംഘം തുടർന്ന് കോയമ്പത്തൂരേക്ക്. പിന്നീട് മൈസൂർ വഴി മംഗലാപുരത്ത് എത്തുന്ന സംഘം 16 ന് ഗോവയിൽ എത്തും. 17 ന് ഇന്ത്യയിലെ പര്യടനം അവസാനിക്കും. ലോകോത്തര ശ്രദ്ധ നേടിയ ഡംബാൾ യാത്ര ബിബിസിയുടെ എക്‌സ്ട്രീം സ്‌പോർട്‌സ് ചാനൽ കവർ ചെയ്യുന്നുണ്ട്.

ടൂറിസം വികസനവും ജീവകാരുണ്യ പ്രവർത്തനവും ഒരേ സമയം നടക്കുന്നു എന്നതാണ് ഡംബാൾ കാർ റാലിയുടെ പ്രത്യേകതയെന്ന് ഇന്ത്യൻ പര്യടനത്തിലെ പങ്കാളികളായ ഇന്റർ സൈറ്റ് ടൂർസ് മാനേജിംഗ് ഡയറക്ടർ എബ്രഹാം ജോർജ് പറഞ്ഞു. വിവിധ ഭൂഖണ്ഡങ്ങൾ ചുറ്റുന്ന സംഘത്തിന്റെ കേരളത്തിലെ പര്യടനം അവിസ്മരണീയമാക്കി മാറ്റുമെന്നും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഡംബാൾ സംഘത്തിന്റെ പര്യടനമെന്നും എബ്രഹാം ജോർജ് ചൂണ്ടിക്കാട്ടി.