ബിബിസി ട്രാവൽഷോയിൽ കേരളം

Posted on: January 13, 2016

BBC-Travel-Show-Kathakali-B

കൊച്ചി : ബിബിസി ട്രാവൽ ഷോ യിൽ കേരളത്തെക്കുറിച്ച് രണ്ട് ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നു. ഷൂട്ടിംഗിനായി ആറു ദിവസത്തേക്ക് കേരളത്തിലെത്തിയ ടീമിലെ ഹെന്റി ഗോൾഡിംഗ് കൊച്ചിയിൽ കഥകളി ചിത്രീകരിക്കുന്നതിനിടെ ആവേശം മൂത്തപ്പോൾ വേദിയിൽ നിറഞ്ഞാടി. നവവത്സരാഘോഷങ്ങൾക്കിടെ ബിബിസി ടീമിനുവേണ്ടി നരകാസുരവധമായിരുന്നു അപ്പോൾ വേദിയിൽ അവതരിപ്പിച്ചിരുന്നത്.

ജീവിതത്തിലൊരിക്കലും കഥകളി വേഷമിടാനാവുമെന്ന് താൻ കരുതിയിരുന്നില്ലെന്നാണ് ഗോൾഡിംഗ് പറഞ്ഞത്. ഷൂട്ടിംഗിനിടെ ആവേശം കയറിയ ഗോൾഡിംഗ് പരിപാടിയുടെ സംഘാടകരായ സീ ഇന്ത്യ ഫൗണ്ടേഷന്റെ പി. കെ ദേവനോടാണ് തനിക്ക് വേദിയിൽ കയറാമോ എന്ന് ചോദിച്ചത്. അപ്പോൾ വേദിയിലുണ്ടായിരുന്ന ജയന്ത, ലളിത എന്നിവരുടെ അതേ ചുവടുകളും മുദ്രകളും ഗോൾഡിംഗ് അവതരിപ്പിക്കുകയും അതൊക്കെ ബിബിസി ടീം ചിത്രീകരിക്കുകയും ചെയ്തു. ഈ ശാസ്ത്രീയകലാരൂപത്തെ ഗോൾഡിംഗ് കൂടുതൽ ജനകീയമാക്കുകയാണ് ചെയ്തതെന്ന് കഥകളിയുടെ പ്രചാരകനായി പ്രവർത്തിക്കുന്ന ദേവൻ പറഞ്ഞു.

ഗോൾഡിംഗിനൊപ്പം ട്രാവൽ ഷോയുടെ എഡിറ്റർ മൈക്ക് ലണ്ടനും നിർമാതാവ് ഡാൺ ലെയ്ക്കുമടങ്ങുന്ന ടീം രണ്ടു ദിവസം കൊണ്ടാണ് കഥകളിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. നേരത്തെ ആലപ്പുഴയിൽ തെങ്ങുകയറ്റം ചിത്രീകരിക്കുന്നതിനിടെ ഗോൾഡിംഗ് തെങ്ങിൽ കയറുകയും ചെയ്തിരുന്നു. പരമ്പരാഗത തെങ്ങുകയറ്റക്കാരും യന്ത്രമുപയോഗിച്ച് കയറുന്നവരും തമ്മിലുള്ള മത്സരം ക്യാമറയിലാക്കുകയായിരുന്നു ബിബിസി ടീം. കേരളത്തിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേ പരിപാടിയെക്കുറിച്ച് മനസിലാക്കാൻ ഇവർ കാനോ വില്ല എന്ന ഹോംസ്റ്റേയിൽ ഒരു ദിനം ചെലവഴിക്കുകയും ചെയ്തു.

നെഹ്‌റു ട്രോഫി വള്ളംകളി മത്സരം നടക്കുന്ന പുന്നമടക്കായൽ സന്ദർശിക്കാനും സംഘം മറന്നില്ല. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായ കയർ ഉത്പാദനവും അവർ ചിത്രീകരിച്ചു. ടൂറിസം വകുപ്പിന്റെ പുതിയ പരിപാടിയായ ഗ്രാമീണ ജീവിതാനുഭവം ബിബിസി ഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികൾ നാട്ടുകാരുടെ വീടുകൾ സന്ദർശിക്കുകയും അവർക്കൊപ്പം നാടൻ ഭക്ഷണം കഴിക്കുകയും പ്രാദേശിക സംസ്‌കാരികവും ജീവിതരീതികളും പഠിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഈ പരിപാടിയിലേക്ക് കൂടുതൽ സഞ്ചാരികൾ ആകൃഷ്ടരാകുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി കമലവർദ്ധന റാവു പറഞ്ഞു.

രണ്ടു ഭാഗങ്ങളായാണ് കേരളത്തെക്കുറിച്ചുള്ള ട്രാവൽ ഷോ ബിബിസി സംപ്രേഷണം ചെയ്യുന്നത്. കഥകളിയെക്കുറിച്ചുള്ള ആദ്യ ഷോ രണ്ടാഴ്ചയ്ക്കകവും കായലുകളെക്കുറിച്ചും തെങ്ങുകയറ്റത്തെക്കുറിച്ചുമുള്ള രണ്ടാംഭാഗം ഫെബ്രുവരിയിലുമാണ് പ്രേക്ഷകരിലേയ്‌ക്കെത്തും. റഷ്യയിലെ സ്വകാര്യ ടിവി ചാനലായ എൻടിവിയിൽനിന്നുള്ള സംഘം ജനുവരി 15 മുതൽ 18 വരെ കേരളത്തിലുണ്ടാകും. കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികളെക്കുറിച്ച് പരിപാടി തയാറാക്കുകയാണ് അവരുടെ ലക്ഷ്യം.