അവധിക്കാല വിനോദയാത്ര ബുക്കിംഗിൽ വർധന

Posted on: November 10, 2015

Cox-&-Kings-Bangkok-experie

കൊച്ചി : ഇന്ത്യക്കാരുടെ അവധിക്കാലത്തെ വിനോദസഞ്ചാരയാത്ര പൊതുവേ വർധിക്കുന്നു. ദീപാവലി അവധിക്കാലത്ത് രാജ്യത്തിനകത്തു മാത്രമല്ല പുറത്തേയ്ക്കുമുള്ള ഇന്ത്യക്കാരുടെ യാത്രയിൽ വൻ വർധനയുണ്ടായതാണ് റിപ്പോർട്ടുകൾ.

രാജ്യത്തിനകത്തുള്ള അവധിക്കാല വിനോദയാത്ര ബുക്കിംഗിൽ 30 ശതമാനവും വിദേശത്തേയ്ക്കുള്ള യാത്രാ ബുക്കിംഗിൽ 25 ശതമാനവും വർധനയുണ്ടായാതായിട്ടാണ് പ്രമുഖ ട്രാവൽ ബിസിനസ് കമ്പനിയായ കോക്‌സ് ആൻഡ് കിംഗ്‌സ് കണക്കാക്കുന്നത്.

ഇത്തരത്തിൽ യാത്ര പോകുന്നവരിൽ 70 ശതമാനവും ആറു രാത്രികളും ഏഴു പകലുകളും വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നു. ശേഷിച്ചവർ ഒമ്പതു രാത്രിയും പത്തു പകലുകളുമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. യാത്ര രാജ്യത്തിനകത്താണെങ്കിലും വിദേശത്തേയ്ക്കാണെങ്കിലും ഇതിൽ കാര്യമായ വ്യത്യാസമില്ല.

രാജ്യത്തിനകത്തെ യാത്രയ്ക്ക് ഒരാൾക്ക് ഒരു രാത്രിക്ക് 1000 രൂപ മുതലാണ് നിരക്ക്. അത് 5000 രൂപ വരെ ഉയരുന്നു. വിദേശത്തേയ്ക്കുള്ള വിനോദയാത്രയ്ക്കു 60,000 രൂപ മുതൽ രണ്ടു ലക്ഷം രൂപവരെയാണ് ഒരാൾക്കു ചെലവ്.

ലോണാവാല, കണ്ട്‌ല, മഹാബലേശ്വർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് മുംബൈ, പൂന, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ യാത്ര. സംസ്ഥാനത്തിനു പുറത്തേയ്ക്കാണ് യാത്രയെങ്കിൽ കേരളം, ഗോവ, ആൻഡമാൻ നിക്കോബാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയവയാണ് ഇഷ്ടസ്ഥലങ്ങൾ. നേപ്പാളാണ് മറ്റൊരു ഇഷ്ടസ്ഥലം.

ഡൽഹിയിലും മറ്റും താമസിക്കുന്നവരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ സിംല, മണാലി, ജയപ്പൂർ, ജോധ്പൂർ തുടങ്ങിയവയാണ്. കാഷ്മീരാണ് മറ്റൊരു പ്രധാന സന്ദർശനസ്ഥലം.
സൗത്ത് ഇന്ത്യയിലെ പോണ്ടിച്ചേരി, കൂർഗ്, തിരുവനന്തപുരം, ഊട്ടി എന്നിവിടങ്ങളാണ് ബാംഗളുരൂവിലും ചെന്നൈയിലുമുള്ളവർക്കു താല്പര്യം. തിരുപ്പതി, വിശാഖപട്ടണം, ആൻഡമാൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയവയാണ് മറ്റ് ഇഷ്ടസ്ഥലങ്ങൾ. കിഴക്കനേന്ത്യക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മുംബൈയാണ്. ദക്ഷിണേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമാണ് മറ്റു വിനോദസഞ്ചാര ലക്ഷ്യങ്ങൾ.

വിദേശയാത്ര ലക്ഷ്യമിടുന്നവരിൽ നല്ലൊരു പങ്കും തെരഞ്ഞെടുക്കുന്നത് മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, മറ്റു ഫാർ ഈസ്റ്റ് രാജ്യങ്ങൾ തുടങ്ങിയവയാണ്. ഇവയിൽ തന്നെ ലംഗാവി, പെനാംഗ് (മലേഷ്യ), ക്രാബി(തായ്‌ലൻഡ്), സിംഗപ്പൂരിലെ തീം പാർക്കുകൾ തുടങ്ങിയവയ്ക്കാണ് മുൻഗണന. അടുത്തകാലത്ത് വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളും നിരവധിയാളുകൾ തെരഞ്ഞെടുക്കുന്നുണ്ട്. ദുബായ്, അബുദാബി, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് അടുത്ത മുൻഗണന.

മുംബൈയിൽനിന്നു ചൈനയിലേക്കു നേരിട്ടു വിമാന സർവീസ് വന്നതിനെത്തുടർന്ന് ഇപ്പോൾ ചൈനായാത്ര തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചു.

TAGS: Cox & Kings |