കേരള മെഡിക്കൽ വാല്യു ട്രാവൽ സൊസൈറ്റിക്ക് തുടക്കമായി

Posted on: October 31, 2015

KHT-2015-Dr-Azad-MoopenBig

കൊച്ചി : കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് കേരള മെഡിക്കൽ വാല്യു ട്രാവൽ സൊസൈറ്റിക്ക് (കെഎംവിടി) കേരള ഹെൽത്ത് ടൂറിസം 2015 ൽ തുടക്കമായി. കേരള കേരള ട്രാവൽ മാർട്ടിന്റെ ചുവടുപിടിച്ചാണ് ഇത് പ്രവർത്തിക്കുക. ആരോഗ്യ വിനോദസഞ്ചാര മേഖലയിലെ കേരളത്തിന്റെ ശേഷി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി മെഡിക്കൽ വാല്യു ട്രാവലർ പോർട്ടലിനും ഉച്ചകോടിയിൽ തുടക്കമായി. സംസ്ഥാനത്തെ ആരോഗ്യവിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്ക് അടുത്ത അഞ്ചു വർഷത്തേക്ക് ചെയ്യേണ്ടതെന്തൊക്കെയെന്നതിനെപ്പറ്റിയുള്ള വ്യക്തമായ രൂപം പരിപാടിയിൽ ഉരുത്തിരിഞ്ഞതായി ചർച്ചകൾ ക്രോഡീകരിച്ച ആസ്റ്റർ മെഡിസിറ്റി ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ആരോഗ്യ ടൂറിസം രംഗത്ത് കേരളത്തെ ആഗോളനേതൃസ്ഥാനത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ, വളർച്ചക്കാവശ്യമായ ഘടകങ്ങളെപ്പറ്റി ഉച്ചകോടി ചർച്ചചെയ്തു. ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, അക്കാദമിക, സർക്കാർ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ രണ്ടു ദിവസത്തെ പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയാണ് കേരള ഹെൽത്ത് ടൂറിസം 2015 സംഘടിപ്പിച്ചത്.

ആറ് ടെക്‌നിക്കൽ സെഷനുകളിലായി ആരോഗ്യ ടൂറിസം മേഖലയുടെ സാധ്യതകളും വെല്ലുവിളികളുമാണ് ഈ മേഖലയിലെ വിദഗ്ദ്ധർ ചർച്ച ചെയ്തത്. കെഎസ്‌ഐഡിസി എംഡി ഡോ. എം.ബീന, കേരള ടൂറിസം സെക്രട്ടറി ജി.കമലവർധനറാവു, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളേേങ്കാവൻ തുടങ്ങിയവർ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുത്തു.

മാലദ്വീപ് ടൂറിസം മന്ത്രാലയത്തിലെ കോ ഓർഡിനേറ്റർ അഹമ്മദ് ഷമൂൺ, ലേക്ഷോർ ആശുപത്രി എംഡിയും സിഇഒയുമായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. സഞ്ജീവ് സിംഗ്, കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ. എം. നജീബ്, രാജഗിരി ആശുപത്രി സിഒഒ ജോസ് വർഗീസ്, സിഐഐ ഹെൽത്ത്‌കെയർ പാനൽ കൺവീനറും ആസ്റ്റർ മെഡിസിറ്റി സിഇഒയുമായ ഡോ. ഹരീഷ് പിള്ള തുടങ്ങിയവരും രാജ്യാന്തര പ്രതിനിധികൾക്കൊപ്പം വിവിധ സെഷനുകളിൽ പങ്കെടുത്തു.