കേരള ഹെൽത്ത് ടൂറിസം 2015 കൊച്ചിയിൽ

Posted on: October 8, 2015

 

Kerala-Health-Tourism-Press

കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള സർക്കാരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ഹെൽത്ത് ടൂറിസം 2015, ഒക്ടോബർ 30, 31 തീയതികളിൽ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. കേരളത്തിലെ ആരോഗ്യ ടൂറിസത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ അഞ്ചാം പതിപ്പാണിത്. ഡോ. ആസാദ് മൂപ്പനാണ് ഹെൽത്ത് ടൂറിസം 2015 ന്റെ ചെയർമാൻ. 2006 ലാണ് കേരളത്തിൽ ആദ്യമായി കേരള ഹെൽത്ത് ടൂറിസം സംഘടിപ്പിക്കപ്പെട്ടത്. സിഐഐയും സംസ്ഥാന സർക്കാരും ചേർന്നു നടത്തുന്ന പരിപാടിയിലൂടെ ഇതുവരെ മെഡിക്കൽ വിനോദസഞ്ചാരികളുടെ വരവിൽ 30 മുതൽ 40 ശതമാനം വരെ വർധനവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

ആശുപത്രികൾ ഉന്നത ഗുണനിലവാരത്തിലും അക്രഡിറ്റേഷനിലും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ രാജ്യാന്തര നിലവാരവും പ്രസക്തിയുമുള്ള പരിപാടിയെന്ന നിലയിൽ കേരള ഹെൽത്ത് ടൂറിസത്തിന് സാധിച്ചു. നിലവിൽ, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻഎബിഎച്ച്) അക്രഡിറ്റേഷൻ ലഭിച്ച 22 ആശുപത്രികളാണ് കേരളത്തിലുള്ളത്. രാജ്യാന്തര നിലവാരം പുലർത്തുന്നതും അക്രഡിറ്റേഷനും അംഗീകാരവും നേടിയതുമായ ആശുപത്രികൾ ഏറെയുള്ളതിനാൽ അഞ്ചുവർഷം കൊണ്ട് ഇന്ത്യയിലെ ആരോഗ്യപരിരക്ഷ ഹബാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം. 2020 ഓടെ ഈ ലക്ഷ്യത്തിലെത്തിച്ചേരാനായി ബോധവത്ക്കരണമുണ്ടാക്കുകയും പങ്കാളികളെ ഒരുമിച്ചുകൂട്ടുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിലെ മെഡിക്കൽ ടൂറിസം വ്യവസായം 2017 ഓടെ നാല് ബില്യൺ ഡോളറിൽ എത്തിച്ചേരുമെന്നാണ് സിഐഐ-മക് കിൻസി റിപ്പോർട്ടിൽ പറയുന്നത്. പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും ബ്രിട്ടനിൽ നിന്നുമുള്ള ആളുകൾ കേരളത്തിലെത്തുന്നത് ആധുനിക ചികിത്സ തേടിയാണ്. ചെന്നൈയിൽ ഒരുദിവസം വിദേശികളായ 150 പേരെങ്കിലും ചികിത്സക്കായി എത്തുന്നുണ്ടെന്ന് ആസ്റ്റർ മെഡിസിറ്റി സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. കേരളത്തിലേക്ക് പ്രതിദിനം 300 പേരെയെങ്കിലും ഇത്തരത്തിൽ ആകർഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുതിയതും ആധുനികവുമായ ആശുപത്രികളിൽ കഴിവുറ്റവരുടെ സേവനവും ആധുനിക സാങ്കേതികവിദ്യകളും ഏറെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാണെന്ന് രാജഗിരി ഹോസ്പിറ്റൽ സിഇഒ ഫാ. ജോൺസൺ വാഴപ്പള്ളി ചൂണ്ടിക്കാട്ടി.

ആധുനിക ചികിത്സയുടെ താരതമ്യേന ചെലവുകുറഞ്ഞ സ്ഥലങ്ങളെന്ന ഖ്യാതിക്കൊപ്പം കേരളത്തിലെ സ്‌പെഷ്യാലിറ്റി ആശുപത്രികൾ മെഡിക്കൽ ടൂറിസം രംഗത്തും മുൻനിരയിലുണ്ടെന്ന് കിംസ് ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. എച്ച്. അബ്ദുൽ റഹീം പറഞ്ഞു.

ആരോഗ്യ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയരൂപീകരണം, ഗുണനിലവാരവും അക്രഡിറ്റേഷനും ലക്ഷ്യമിടുന്ന വിപണികളും വിപണന തന്ത്രങ്ങളും, രാജ്യാന്തര പേഷ്യന്റ് മാനേജ്‌മെന്റിലെ സമകാലിക വെല്ലുവിളികൾ, ഹെൽത്ത് ടൂറിസത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നത്. ആരോഗ്യരംഗത്തെ കേരളത്തിന്റെ മികവ് ലോകത്തുടനീളം വെബിലൂടെ പ്രചരിപ്പിക്കുന്നതിനായി മെഡിക്കൽ വാല്യു ട്രാവലർ പോർട്ടലിനും സമ്മേളനം തുടക്കമിടും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെക്കൂടി ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ മലയാളത്തിനൊപ്പം അറബിക് ഭാഷയിലും തുറക്കുന്ന വെബ്‌സൈറ്റിന് സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടാകും.

കേരള ഹെൽത്ത് മാർട്ട് എന്ന വാണിജ്യ ഫോറത്തിനും സമ്മേളനാനന്തരം രൂപം നൽകുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉദ്ഘാടനസമ്മേളനത്തിലുണ്ടാകും. കേരള ഹെൽത്ത് ടൂറിസം 2015ൽ പങ്കെടുക്കുന്നതിനു 0484-4012300 എന്ന നമ്പറിലോ [email protected], [email protected] എന്നീ ഇ- മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടേണ്ടതാണ്.