ക്രൂയിസ് ടൂറിസം വളർച്ചാപാതയിൽ

Posted on: June 1, 2013

കേരളത്തിന്റെ ടൂറിസം വികസനത്തിനു പുതിയ പ്രതീക്ഷയാവുകയാണ് ക്രൂയിസ് ടൂറിസം. ആഡംബരക്കപ്പലിൽ വരുന്ന യൂറോപ്യൻ ടൂറിസ്റ്റുകളുടെ ഇഷ്ടപ്പെട്ട തീരങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിലാണ് ക്രൂയിസ് ടൂറിസം മാപ്പിൽ കേരള തീരം ഇടംപിടിച്ചത്.

കഴിഞ്ഞവർഷം കേരള തീരത്ത് എത്തിയത് 44 കപ്പലുകളാണ്. ഇതിലൂടെ 58,000 ടൂറിസ്റ്റുകൾ കേരളത്തിലെത്തി. ഏകദേശം 60 കോടി രൂപയുടെ വരുമാനം ഇതിലൂടെ കേരളത്തിനു ലഭിച്ചു എന്നാണ് ഏകദേശ കണക്ക്. 2012-13 സാമ്പത്തിക വർഷം 50 ആഡംബര കപ്പലുകൾ കേരള തീരത്ത് എത്തി.

ലോകത്തിലെ പ്രമുഖ ആഡംബര കപ്പലുകളിൽ ഒന്നായ സെലിബ്രിറ്റീസ് സോൾസ്റ്റീസും കേരളം സന്ദർശിച്ചു. യു.എസ് കമ്പനിയായ റോയൽ കരീബിയൻ സെലിബ്രിറ്റി ക്രൂസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആഡംബര കപ്പൽ. 2850 യാത്രക്കാരും 1500 ജോലിക്കാരും. മസ്‌കറ്റിൽ നിന്നുമാണ് സെലിബ്രിറ്റി സോൾസ്റ്റീസ് കൊച്ചിയിലെത്തിയത്. ഇവിടെ നിന്നും സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡുവഴി യൂറോപ്പിലേക്കു മടങ്ങി.

കൊച്ചി തീരത്ത് എത്തുന്ന എല്ലാ ആഡംബര കപ്പലുകൾക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കൊച്ചി തുറമുഖത്തിനു ശേഷിയുണ്ടെന്നു പോർട്ട് ട്രാഫിക് മാനേജർ സി. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. എത്രയും പെട്ടെന്ന് ഷിപ്പിലെത്തുന്നവരെ എമിഗ്രേഷൻ പരിശോധന നടത്തി പുറത്ത് എത്തിക്കുക എന്നതിലാണ് പോർട്ട് ട്രാഫിക്കിന്റെ കാര്യക്ഷമത. ക്രൂയിസ്് ലൈനുകളിൽ ഇക്കാര്യത്തിൽ പോർട്ടുകൾക്കു പോയിന്റുകൾ നൽകാറുമുണ്ട്. സെലിബ്രിറ്റി സോൾസ്റ്റീസിലെ യാത്രക്കാരെയും പോർട്ടിൽ ക്രൂസ് ജീവനക്കാരെയും അരമണിക്കൂറിനുള്ളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറക്കാൻ കൊച്ചിൻ പോർട്ടിനു കഴിഞ്ഞിരുന്നു.

ആഭ്യന്തര സഞ്ചാരികളെയും വിദേശവിനോദ സഞ്ചാരികളെയും അപേക്ഷിച്ചു വളരെയേറെ സമ്പന്നരാണ് ക്രൂയിസ് ടൂറിസ്റ്റുകൾ. ഏഴുദിവസത്തെ യാത്രയ്ക്കുവേണ്ടി മാത്രം ശരാശരി രണ്ടു ലക്ഷം മുതൽ പത്തുലക്ഷം രൂപ വരെയാണ് സെലിബ്രിറ്റി സോൾസ്റ്റീസ് ഇടാക്കുന്നത്. ഇത്രയും പണം ചെലവഴിക്കാൻ ശേഷിയുള്ളവർ ചെന്നിറങ്ങുന്ന പോർട്ടിലെല്ലാം പണം വാരിക്കോരി ചെലവഴിക്കുകയാണ് ചെയ്യുന്നത്.

ഒരു കപ്പൽ സഞ്ചാരി പോർട്ടിൽ ഒരു ദിവസം ഏകദേശം 150-200 ഡോളർ ചെലവഴിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്. അതായത് കൊച്ചിയിലെത്തുന്ന ക്രൂയിസ് ടൂറിസ്റ്റ് പ്രതിദിനം പതിനായിരത്തിലധികം രൂപ ചെലഴിക്കുന്നു. കാഴ്ചകൾ കാണുന്നതിനും ഭക്ഷണത്തിനും കൗതുക വസ്തുക്കളും ഡ്രസും വാങ്ങുന്നതിനുമാണ് ഇത്രയും തുക ചെലവഴിക്കുന്നത്.

ക്രൂയിസ് യാത്രക്കാർക്ക് പ്രാദേശികമായ ഗ്രൗണ്ട് ഹാൻഡലിംഗ് ഏജന്റുമാരുണ്ടാവും. അവരുടെ സഹായത്തോടെയാണ് ഓരോ പോർട്ടിലും യാത്രാസൗകര്യം അറേഞ്ച് ചെയ്യുന്നത്. പോർട്ടിൽ അടുക്കുന്നതിനു മുമ്പുതന്നെ യാത്രക്കാർക്ക് ആ പ്രദേശത്തുള്ള കാഴ്ചകൾ, സന്ദർശിക്കേണ്ട സ്ഥലങ്ങൾ, പൗരാണിക ഇടങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, സാഹസിക വിനോദത്തിനുള്ള അവസരങ്ങൾ… എന്നിങ്ങനെ വിശദമായ വീഡിയോ ക്ലിപ്പിംഗുകൾ കപ്പലിനുള്ളിൽവച്ചുതന്നെ കാണുന്നതിനുള്ള സൗകര്യമുണ്ട്. അതിനാൽ പോർട്ടിൽ എത്തും മുമ്പുതന്നെ യാത്രികർക്കു തങ്ങൾക്കു പോകേണ്ട സ്ഥലത്തെക്കുറിച്ചു തീരുമാനത്തിലെത്താൻ സാധിക്കുന്നു.

സെലിബ്രി സോൾസ്റ്റീസിന്റെ ഗ്രൗണ്ട് ഹാൻഡലിംഗ് ജോലികൾ നിർവഹിച്ചത് മാർവൽ ഏജൻസീസ് ആയിരുന്നു. യാത്രികരുടെ താത്പര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കു സഞ്ചാരികളെ എത്തിക്കാൻ ഇവർക്കു സാധിച്ചു. ആയിരത്തോളം യാത്രക്കാർ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു.

280 യാത്രികർ ആലപ്പുഴയിലെ ബാക്ക് വാട്ടർ സൗന്ദര്യം നുകരുന്നതിനാണ് സമയം നീക്കിവച്ചത്. ഇവരിൽ ഏറെപ്പേരും ഹൗസ് ബോട്ടിൽ സഞ്ചരിച്ചു ആലപ്പുഴയുടെ കായൽ ജീവിതവും കുട്ടനാടിന്റെ സൗന്ദര്യവും മനസിൽ നിറച്ചു. എൺപതോളം യാത്രികർ വൈക്കം സന്ദർശിച്ചു. ഗ്രാമീണ ടൂറിസം കാഴ്ചകൾ കാണാൻ കുമ്പളങ്ങിയിലെത്തിയത് 120 ക്രൂയിസ് യാത്രക്കാരാണ്. സെലിബ്രിറ്റീസ് സോൾസ്റ്റീസിലെ 250 യാത്രക്കാർ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരി യൂദപ്പള്ളിയും സന്ദർശിച്ചു. ജൂതത്തെരുവിൽ നിന്നു പൗരാണിക വസ്തുക്കൾ സ്വന്തമാക്കുന്നതിലും ഷിപ്പിലെ യാത്രക്കാർക്ക് താത്പര്യം ഏറെയായിരുന്നു. 170 യാത്രക്കാർ കൊച്ചിയിലെ നഗരക്കാഴ്ചകൾ കാണുന്നതിനാണ് താത്പര്യം കാണിച്ചത്. കൊച്ചിയിലെ ജലപ്പരപ്പിലൂടെ ബോട്ടിൽ സഞ്ചിരിക്കുന്നതിനായിരുന്നു ബാക്കിയുള്ള യാത്രക്കാർക്കു താത്പര്യം. കപ്പൽയാത്രക്കാർക്കുവേണ്ടി ഫോർട്ടുകൊച്ചിയിൽ കഥകളിയും ഒരുക്കിയിരുന്നു.
അതായത് കൊച്ചി തീരത്തു ഒരു ആഡംബര കപ്പൽ നങ്കുരമിടുമ്പോൾ ആലപ്പുഴയിലെ ഹൗസ് ബോട്ട് സംരംഭകനും വൈക്കത്തെയും കുമരകത്തെയും റസ്റ്റോറന്റുകൾക്കും കുമ്പളങ്ങിയിലെ ടൂറിസം ഗ്രാമത്തിനും ഫോർട്ടുകൊച്ചിയിലെ വ്യാപാരികൾക്കും കൊച്ചിയിലെ ഷോപ്പിംഗ് മാളുകൾക്കും ഒരുപോലെ വരുമാനമുണ്ടാകുന്നു. സെലിബ്രിറ്റി സോൾസ്റ്റീസിലെ യാത്രക്കാർ ഒരു ദിവസം കൊണ്ടുതന്നെ ഏകദേശം ഒരു കോടിയോളം രൂപയോളമാണ് കേരളത്തിൽ ചെലവഴിച്ചത്.
ഇതോടൊപ്പം തന്നെ കൊച്ചി തുറമുഖത്ത് ആഡംബര കപ്പലിലെ സഞ്ചാരികൾക്കുവേണ്ടി മാത്രം 250 ഓട്ടോറിക്ഷകൾക്കു പ്രത്യേക പെർമിറ്റു നൽകിയിട്ടുണ്ട്. ഇവർ സഞ്ചാരികളെ കൊച്ചിയും സമീപ പ്രദേശങ്ങളിലും എത്തുന്നു. ഓട്ടോറിക്ഷകൾ തിരിച്ചെത്തുമ്പോൾ സഞ്ചാരികളിൽ നിന്നും ഇവരുടെ പെരുമാറ്റത്തെക്കുറിച്ചു അഭിപ്രായം ആരായുകയും ചെയ്യും. ഇതെല്ലാം യാത്രികരിലും കൊച്ചി തുറമുഖത്തെക്കുറിച്ചു മതിപ്പുണ്ടാകുന്നതിനു കാരണമാകുന്നു.
സെലിബ്രിറ്റി സോൾസ്റ്റീസിന്റെ ക്യാപ്റ്റൻ കൊച്ചി തുറമുഖത്തേക്കുള്ള കപ്പൽച്ചാലിനെക്കുറിച്ചും നങ്കൂരമിടുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കിയ അധികൃതരുടെ നടപടികളെയും പ്രശംസിക്കുകയും ചെയ്തു. ഇതെല്ലാം കൂടുതൽ ആഡംബര കപ്പലുകൾ കേരള തീരത്ത് അടുക്കുന്നതിനുള്ള അനുകൂല ഘടകമായി തുറുമുഖ അധികാരികൾ കണക്കാക്കുന്നു.

ക്രൂയിസ് ടൂറിസം ഡെസ്റ്റിനേഷൻ മാപ്പിൽ കൊച്ചിൻ തീരം ഇടം പിടിച്ചത് കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായി മാറുകയാണ്. പ്രതിവർഷം 150-200 ആഡംബര കപ്പലുകൾ വന്നുപോകുന്ന അവസ്ഥയിലേക്കു കേരളതീരത്തെ മാറ്റിയെടുക്കാൻ സാധിക്കും. അതിനു യൂറോപ്യൻ രാജ്യങ്ങളിലും ക്രൂയിസ് കമ്പനികളിലും മതിയായ പരസ്യപ്രചാരണം നടത്തുകയും വേണം.