എം എ യൂസഫലി കൊച്ചി ബിനാലെയ്ക്ക് ഒരു കോടി രൂപ നൽകി

Posted on: September 23, 2015

Lulu-Group-Kochi-Muziris-Bi

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം എ യൂസഫലി കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം എഡിഷന് ഒരു കോടി രൂപയുടെ ധനസഹായം നൽകി. എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ഒരു കോടി രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. നിഷാദ് കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിക്ക് കൈമാറി. ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, മീഡിയ കോർഡിനേറ്റർ എൻ. ബി. സ്വരാജ്, മാനേജർ വി. പീതാംബരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലോകത്തിലെ പ്രശസ്ത കലാകാരന്മാർ ദൈവത്തിന്റെ നാട്ടിലേക്ക് എത്തുന്നതിലൂടെ കലയുടെ വിശാലമായ ക്യാൻവാസായി കൊച്ചി ബിനാലെ മാറുകയാണെന്ന് എം എ യൂസഫലി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കൊച്ചിയുടെ വ്യാപാര മേഖലയ്ക്ക് ഉണർവേകുന്ന ഈ സംരംഭത്തെ പിന്തുണയ്‌ക്കേണ്ടത് പൊതുജനങ്ങളുടെയും വ്യവസായലോകത്തിന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി ബിനാലെയുടെ കഴിഞ്ഞ എഡിഷന് യൂസഫലി അര കോടി രൂപ നൽകിയിരുന്നു അന്ന് ബിനാലെ സന്ദർശിച്ചപ്പോൾ മൂന്നാം എഡിഷന് അദ്ദേഹം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ബിനാലെയെ ഇന്ത്യയുടെ അഭിമാനാർഹമായ സാംസ്‌കാരിക പരിപാടിയായി നിലനിർത്താനും യൂസഫലി നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ചടങ്ങിൽ സംസാരിച്ച ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി.