കേരളത്തിലെ നാല് സ്റ്റേഷനുകളിൽ ഇ-കാറ്ററിംഗ്

Posted on: September 22, 2015

IRCTC-Logo-Big

കൊച്ചി : തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയുൾപ്പെടെ ഇന്ത്യയിലെ 45 സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് ഇ-കാറ്ററിംഗ് സംവിധാനം വഴി മൊബൈൽ ഫോണിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഭക്ഷണം ഓർഡർ ചെയ്യാം. പാൻട്രി കാറില്ലാത്ത 1516 ട്രെയിനുകളിലെ യാത്രക്കാർക്ക് സ്വകാര്യ കാറ്ററിംഗ് സർവീസുകളിലൂടെ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാമെന്ന് ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ അറിയിച്ചു. ഇങ്ങനെ ഓർഡർ ചെയ്യുന്ന ഭക്ഷണം യാത്രക്കാർക്ക് നിർദ്ദിഷ്ട സ്റ്റേഷനിലെത്തുമ്പോൾ മാത്രമെ ലഭിക്കുകയുള്ളു. ട്രെയിനിൽ വിതരണം ചെയ്യുകയില്ല.

ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽവെ ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ചില സ്ഥലങ്ങളിൽ പരീക്ഷണാർത്ഥത്തിൽ നടപ്പാക്കിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇ-കാറ്ററിംഗ് പ്രകാരം ഭക്ഷണം ലഭിക്കുന്നതിന് 0120238389299 എന്ന ഫോൺ നമ്പറിലോ 18001034139 എന്ന ടോൾഫ്രീ നമ്പരിലോ വിളിച്ച് ഓർഡർ നൽകാം. അല്ലെങ്കിൽ 139 എന്ന നമ്പരിലേക്ക് പി. എൻ. ആർ, ടിക്കറ്റ് നമ്പർ എന്നിവ സഹിതം എസ്.എം.എസ് അയയ്ക്കാം. അതുമല്ലെങ്കിൽ www.ecatering.irctc.co.in എന്ന വെബ്‌സൈറ്റിലൂടെ ഓർഡർ നലകാം.

സംവിധാനം കാര്യക്ഷമമാക്കുന്നതിന് മൊബൈൽ ആപ് വികസിപ്പിച്ചെടുക്കാനും ഐആർസിടിസിക്ക് പദ്ധതിയുണ്ട്. കൂടാതെ കെ.എഫ്.സി, മക്‌ഡൊണാൾഡ്, ഹാൽദിറാം, ബിക്കാനീർവാല, നിരുലാസ്, സാഗർ രത്‌ന, വാംഗ്‌സ് കിച്ചൺ, ശരവണ ഭവൻ, സബ്‌വേ, ഡോമിനോസ്, പിസാഹട്ട്, കെല്ലോഗ്‌സ് തുടങ്ങിയ ഭക്ഷണ ശൃംഖലകളിൽനിന്ന് താല്പര്യപത്രം ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.