വിസിറ്റ് കേരള ഓൺലൈൻ ലേലം

Posted on: September 8, 2015

Kerala-Tourism-Bidwars-Big

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വില പറയുന്നവർക്ക് വിനോദയാത്രാ പാക്കേജ് വാഗ്ദാനം ചെയ്ത് കേരള ടൂറിസത്തിന്റെ ഓൺലൈൻ ലേലം ആരംഭിക്കുന്നു. നിസാരതുകയ്ക്ക് കേരളയാത്രയ്ക്ക് അവസരമൊരുക്കുന്ന വിസിറ്റ് കേരള ബിഡ്‌വാർസ് ലേലമത്സരത്തിന് കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജ് അരങ്ങാകും. ഇന്ത്യയിൽ ആദ്യമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ മുൻനിർത്തി ഇത്തരമൊരു ലേലം.

മത്സരത്തിൽ പങ്കാളികളായ അംഗീകൃത സേവനദാതാക്കളുടെ 8,000 രൂപ മുതൽ 78,000 രൂപ വരെ വിലയുള്ള അവധിദിന പാക്കേജുകളാണ് ലേലത്തിനെത്തുന്നത്. ടൂറിസം മന്ത്രി എ.പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്ത വിസിറ്റ് കേരള ഓൺലൈൻ പ്രചാരണ പദ്ധതിയുടെ ഭാഗമാണ് വിസിറ്റ് കേരള ബിഡ്‌വാർസ്. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കായി വർഷം മുഴുവൻ ദീർഘിക്കുന്ന പദ്ധതികൾ കേരള ടൂറിസം അവതരിപ്പിക്കുന്നുണ്ടെന്ന് സെക്രട്ടറി ജി. കമലവർധന റാവു പറഞ്ഞു.

മത്സരത്തിൽ അവതരിപ്പിക്കുന്ന പാക്കേജുകൾക്ക് ഏറ്റവും കുറഞ്ഞ വില പറയുന്നയാൾക്ക് ആ വിലയ്ക്ക് പാക്കേജ് സ്വന്തമാക്കാം. രണ്ടുപേർ ഒരേ വില പറയുകയാണെങ്കിൽ ലേലം അസാധുവാകും. ഉദാഹരണത്തിന് 20,000 രൂപയുടെ പാക്കേജിന് ഒരാൾ 10 രൂപ നിർദ്ദേശിക്കുന്നുവെന്നിരിക്കട്ടെ. അതേവിലയോ അതിലും കുറഞ്ഞവിലയോ മറ്റാരും നിർദേശിക്കാതിരിക്കുകയാണെങ്കിൽ അയാൾക്ക് 10 രൂപയ്ക്ക് പാക്കേജ് സ്വന്തമാക്കാം.

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ, വോയേജസ് കേരള, ഇന്റർസൈറ്റ് ഹോളിഡേയ്‌സ്, സ്‌പൈസ് ലാൻഡ് ഹോളിഡേയ്‌സ്, കോസിമ ഹോളിഡേയ്‌സ്, ദ്രവീഡിയൻ ട്രെയിൽസ്, ഇൻഡസ് ഹോളിഡേയ്‌സ്, കേരള ട്രാവൽസ്, ട്രാവൽ പ്ലാനേഴ്‌സ് തുടങ്ങിയ അംഗീകൃത സേവനദാതാക്കളുമായി ചേർന്നാണ് കേരള ടൂറിസം വിവിധ പാക്കേജുകൾ ലേലത്തിനായി അവതരിപ്പിക്കുന്നത്. രണ്ടുരാത്രിയും മൂന്നു പകലും നീളുന്ന പാക്കേജുമുതൽ 10 ദിവസത്തെ പാക്കേജുവരെ നിലവിൽ ലേലത്തിനെത്തും. ഒരു സമയത്ത് ഒരു പാക്കേജ് മാത്രമാണു ലേലത്തിന് എത്തുക.

പാക്കേജിന്റെ വിശദവിവരങ്ങളും വിലയും മത്സരത്തിനായി പ്രത്യേകം തയ്യാർ ചെയ്ത ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലും ഫേസ്ബുക്ക് പേജിലും ലഭിക്കും. കേരളടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിൽ (http://bit.ly/KeralaBidWars) സൈൻ അപ്പ് ചെയ്‌തോ പ്ലേ സ്‌റ്റോറിൽ നിന്ന് വിസിറ്റ്‌കേരള ബിഡ് വാർസ് ആപ്ലിക്കേഷൻ (http://bit.ly/VisitKeralaBidWars) ഡൗൺലോഡ് ചെയ്‌തോ മത്സരത്തിൽ പങ്കുചേരാം.